പാലക്കാട് : കൊറോണ വൈറസിനെ നേരിടാനുള്ള സാമ്പത്തിക പ്രതിസന്ധിയിൽ എം.പി ഫണ്ടല്ല 20,000 കോടി രൂപ ചെലവഴിച്ച് പുതിയ പാർലമെന്‍റ് മന്ദിരം പണിയുവാനുള്ള തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പിൻവലിക്കേണ്ടതെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ എം.പിമാരുടെ ശമ്പളം ഒരുവർഷം വെട്ടി കുറയ്ക്കുന്നതിനെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. സമൂഹത്തെയാകെ സംരക്ഷിക്കുവാൻ ഉത്തരവാദിത്വമുള്ള ഭരണാധികാരികൾ തന്നെയാണ് ഇക്കാര്യത്തിൽ മാതൃകയാകേണ്ടത്. പക്ഷേ എം.പി ഫണ്ട് രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത് ഒട്ടും അംഗീകരിക്കുവാൻ കഴിയില്ല. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഇതുവഴി 7, 900 കോടി സ്വരൂപിക്കാമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
കേരളത്തിൽ മാത്രം ഇരുപത്തി ഒൻപത് എം.പിമാരുടെ രണ്ട് വർഷത്തെ പ്രാദേശിക വികസന ഫണ്ട് 290 കോടി രൂപയാണ് നഷ്ടമാകുന്നത്. അതിനർത്ഥം ഇത്രയും തുകയുടെ വികസന പ്രവർത്തനം ഇനി നടക്കേണ്ടതില്ല എന്നാണ്. കുടിവെള്ളം, റോഡ്, വൈദ്യുതി, ആശുപത്രി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഗ്രാമീണ മേഖലകളിൽ നടപ്പാക്കുന്നതിനാണ് എം.പി ഫണ്ട് വിനിയോഗിക്കപ്പെടുന്നത്. ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ രീതി ഒരു ഏകാധിപതിയുടെ ശൈലിയാണ്. ലക്ഷക്കണക്കിന് കോടി രൂപ വായ്പ എടുത്ത് മുങ്ങിയവരെയും രാജ്യത്ത് വൻ നികുതിവെട്ടിപ്പ് നടത്തിയവരെയും യഥേഷ്ടം വിഹരിക്കുവാൻ അനുവദിച്ചത് കേന്ദ്ര സർക്കാർ ആണ്.
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചതിൽ ഒന്നാം പ്രതി പ്രധാനമന്ത്രിയാണ്. അത് വിസ്മരിക്കുവാൻ കഴിയില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ 182 മീറ്റർ ഉയരത്തിൽ സർദാർ പട്ടേലിന്‍റെ പ്രതിമ സ്ഥാപിച്ച് 3000 കോടി രൂപ പാഴാക്കിയതിൽ പശ്ചാത്തപിച്ച് പ്രധാനമന്ത്രി മാപ്പ് പറയേണ്ടതായിരുന്നു. ഈ പ്രതിസന്ധിയിൽ കോർപറേറ്റ് മുതലാളിമാർ തട്ടിച്ച ലക്ഷക്കണക്കിന് കോടി രൂപ അടിയന്തിരമായി പിടിച്ചെടുത്ത് ’56’ ഇഞ്ച് നെഞ്ചളവ് പ്രകടമാക്കുവാൻ പ്രധാനമന്ത്രി തയാറാകണം.