പീഡനക്കേസ്: വിജയ് ബാബു മറ്റൊരു രാജ്യത്തേക്ക് കടന്നതായി സംശയം; പാസ്പോര്‍ട്ട് റദ്ദാക്കി

Jaihind Webdesk
Friday, May 20, 2022

 

കൊച്ചി : നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കി. കേന്ദ്ര വിദേശകാര്യ വകുപ്പാണ് പാസ്പോർട്ട് റദ്ദാക്കിയത്. പാസ്പോർട്ട് റദ്ദാക്കിയതോടെ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്‍റെ വിസയും റദ്ദാകും. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ വകുപ്പ് നടപടി എടുത്തത്. വിജയ് ബാബു ഇന്ത്യയുമായി കരാറില്ലാത്ത വേറെ ഏതെങ്കിലും രാജ്യത്തേക്ക് കടന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞ ശേഷം മാത്രം കേരളത്തില്‍ തിരിച്ചുവരാനാണ് വിജയ് ബാബുവിന്‍റെ നീക്കം.

കഴിഞ്ഞ മാസം 22 നാണ് വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. പ്രതി കുറ്റം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കുകയുണ്ടായി. ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സിസി ടിവി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നടിയുടെ പരാതിക്ക് പിന്നാലെ മറ്റ് സ്ത്രീകളും വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.