ആലുവയില്‍ അഞ്ചുവയസുകാരി ചാന്ദ്നിയുടെ കൊലപാതകത്തില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍. മാപ്പു പറയേണ്ടത് പോലീസല്ലെന്നും മുഖ്യമന്ത്രിയാണെന്നും പന്തളം സുധാകരന്‍ പറഞ്ഞു. മൈക്കിനെ അറസ്റ്റ് ചെയ്തു വീരസ്യം കാട്ടിയ കേരള പോലീസിന് ഒരു മനുഷ്യമൃഗത്തില്‍ നിന്ന് ഒരു പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എത്ര ന്യായീകരിച്ചാലും പോലീസിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖത്തുവീണ
ചോരക്കറ മായ്ക്കാൻ കഴിയില്ല. അമ്മമാരുടെ ശാപം സർക്കാരിനെ വേട്ടയാടും. മുഖ്യമന്ത്രി വാ തുറക്കാത്തതാണ് ഏറ്റവും ഭയാനകമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പന്തളം സുധാകനന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
മാപ്പുപറയേണ്ടതു പോലീസല്ല മുഖ്യമന്ത്രിയാണ്. (ഒരു മാപ്പിൽ തീരുന്ന പ്രശ്നവുമല്ല)
കുറ്റാന്വേഷണത്തിന് ആധുനിക സൗകര്യങ്ങളെല്ലാമുണ്ടായിട്ടും ഒരു പിഞ്ചുബാലികയുടെജീവൻ രക്ഷിക്കാൻ കഴിയാതെ വന്നത് പോലീസിന്‍റ ക്രൂരതയാണ്. അല്ലെങ്കിൽ അതിഥിത്തൊഴിലാളിയുടെ മകളായതുകൊണ്ടുള്ള അനാസ്ഥയാകും? ജീവനില്ലാത്ത മൈക്കിനെ അറസ്റ്റ് ചെയ്തു വീരസ്യം കാട്ടിയ കേരള പോലീസ് പട്ടിണി മാറ്റാൻ അന്യദേശത്തുനിന്നുവന്ന ഒരുതൊഴിലാളിയുടെ
ചിത്രശലഭം പോലുള്ള പൊന്നോമന മകളെ പിച്ചിച്ചീന്തിയ മനുഷ്യമൃഗത്തിൽ നിന്നു രക്ഷിക്കാൻ കഴിയാതെ വന്നതിലൂടെ ലോകത്തിന്‍റെ മുന്നിൽ വിപ്ലവ മലയാളി സമൂഹം വെറുക്കപ്പെട്ടവരായിരിക്കുന്നു. അമ്മമാരുടെ ശാപം സർക്കാരിനെ വേട്ടയാടും. ന്യായീകരണ അടിമകൾ എത്ര ന്യായീകരിച്ചാലും പോലീസിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖത്തുവീണ ചോരക്കറ മായ്ക്കാൻ കഴിയില്ല. മുഖ്യമന്ത്രി വാ തുറക്കാത്തത് അതിലും ഭയാനകം? അങ്ങും ഒരുരക്ഷിതാവല്ലേ…?
കൊലവിളി നടത്തുന്ന നേതാവിനു സ്പെഷ്യൽ പ്രൊട്ടക്ഷൻ. അതിഥി തൊഴിലാളിക്കു മോർച്ചറി..?
നെഞ്ചുപൊട്ടിക്കരയുന്ന രക്ഷിതാക്കളെ എന്തുപറഞ്ഞു സമാധാനിപ്പിക്കാനാവും?
നമ്മുടെ ആരുമല്ലെങ്കിലും നാം നെഞ്ചോടുചേർത്ത ആ പിഞ്ചോമനയ്ക്ക് ബാഷ്പാഞ്ജലി 🙏