‘പ്ലസ് വൺ സീറ്റില്‍ പ്രതിസന്ധി ഇല്ലെന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയാൽ പറ്റില്ല; അധിക ബാച്ചുകൾ നൽകിയ പറ്റൂ’: പി.കെ.കുഞ്ഞാലിക്കുട്ടി

 

കോഴിക്കോട്: പ്ലസ് വൺ സീറ്റ് സംബന്ധിച്ച് പ്രതിസന്ധി ഉണ്ട് എന്നത് എല്ലാവർക്കും അറിയാമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ആയിരകണക്കിന് സീറ്റുകളാണ് കുറവ്. പ്രതിസന്ധി ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയാൽ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. വൻപ്രതിസന്ധിയാണ് നിലനിൽക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന ന്യായമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനെതിരെ ശക്തമായ പ്രക്ഷോഭം വേണ്ടിവരും. മന്ത്രി നിലപാട് തിരുത്തണം. പ്ലസ് വണിന് അധിക ബാച്ചുകൾ നൽകിയ പറ്റൂ. സീറ്റില്ലാത്ത സ്ഥലത്ത് കുട്ടികൾ എവിടെയെങ്കിലും ഒക്കെ പഠിച്ചാൽ മതി എന്ന് പറയുന്നത് ന്യായമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാരൽ കോളേജിൽ അൺ എയിഡഡ് എന്നെല്ലാം പറയുന്നത് സ്ഥിരം രീതിയാണ്. പഠിക്കാൻ സീറ്റില്ലാതെ ഉന്തിത്തള്ളിക്കൊണ്ട് പോകുന്ന രീതി കുറെയായി. രണ്ടാം തവണ വന്ന ഇടതുപക്ഷ സർക്കാരിന്‍റെ കടമയായിരുന്നു സീറ്റ് അനുവദിക്കേണ്ടത്. ഇനിയും ഇത് തുടർന്നാൽ വലിയ ദുരന്തം ഉണ്ടാക്കും. മാർക്കുള്ള കുട്ടികൾക്ക് പോലും പഠിക്കാൻ അവസരം ഇല്ല. അധിക ബാച്ചുകൾ വിദ്യാർത്ഥികളുടെ ആവശ്യമാണ്. അവകാശം നേടിയെടുക്കാൻ വേണ്ടി പ്രക്ഷോഭം ആണ് മാർഗ്ഗം. സമരത്തിന് പ്രതിപക്ഷം മാത്രമായിരിക്കില്ല ഉള്ളത്. സർക്കാരിന്‍റെ നിസംഗ ഭാവത്തെ ഗൗരവമായി തന്നെയാണ് ലീഗ് കാണുന്നത്. എല്ലാ വർഷവും സമരം നടത്തി സീറ്റ് നേടിയെടുക്കേണ്ട സാഹചര്യത്തെക്കുറിച്ച് ഗവൺമെന്‍റ് ചിന്തിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Comments (0)
Add Comment