‘പ്രധാനമന്ത്രി സാധാരണക്കാരുടെ ദുരിതം കാണാന്‍ തയാറാകാത്തത് നിരാശാജനകം’ : കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind News Bureau
Friday, April 3, 2020

രാജ്യത്തെ ജനങ്ങൾ ഒന്നാകെ പ്രധാനമന്ത്രിയുടെ കൊറോണ നിർവ്യാപന നടപടികളോട് സർവാത്മനാ സഹകരിക്കുമ്പോഴും ഇന്ന് നടത്തിയ പ്രഖ്യാപനത്തിലും ലോക്ക്ഡൌൺ കൊണ്ട് ദുരിതത്തിലായ ദിവസ വേതന തൊഴിലാളികളുടെയും ചെറുകിട വ്യവസായികളുടെയും കർഷകരുടെയും ദുരിതനിവാരണത്തിനു പ്രത്യേക നടപടികൾ ഉണ്ടാകാത്തത് നിരാശ ഉളവാക്കുന്നുവെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി.

പ്രതീകാത്മമായ നടപടികൾ കൊണ്ട് ഒരുമയുടെ സന്ദേശം നൽകാൻ കഴിയും എന്നതിൽ രണ്ടഭിപ്രായമില്ല. എന്നാൽ ധനമന്ത്രി പ്രഖ്യാപിച്ച സഹായ പദ്ധതിയുടെ രണ്ടാം ഘട്ടമോ പ്രസ്തുത പദ്ധതിയുടെ പുരോഗതിയെക്കുറിച്ചുള്ള ഒരു അവലോകനമോ ഉണ്ടാകാത്തത് ലോക്ക്ഡൌൺ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന അടിസ്ഥാന വർഗത്തിന് നിരാശയാണ് സമ്മാനിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. രാജ്യത്ത് ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ എന്നിവ ലഭിക്കുന്നില്ല എന്ന വിഷയം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല എന്നത് തന്നെ കൊറോണ വ്യാപനം തടയുന്നതിൽ ഏറ്റവും വലിയ വെല്ലുവിളിയായി മാറും എന്നും കൊടിക്കുന്നിൽ സുരേഷ് എം.പി സൂചിപ്പിച്ചു.

കൃഷിക്കാരും ഉപഭോക്താക്കളും ഒരുപോലെ കഴിഞ്ഞ പത്തു ദിവസത്തെ ലോക്ക് ഡൗണിലെ അപാകതകൾ മൂലം ദുരിതം അനുഭവിക്കുന്നു , കൃഷിക്കാർക്ക് അവരുടെ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ സാധിക്കുന്നില്ല, ഉപഭോക്താവിന് അവശ്യ വസ്തുക്കൾ പൂർണമായി ലഭിക്കുന്നുമില്ല, ഇതിനു ഒരു പ്രധാനകാരണം ട്രക്കുകൾ പല സംസ്ഥാന അതിർത്തികളിലും നിർത്തിയിടപ്പെടുന്നത് കൊണ്ടാണ്. ഇത്തരം അപാകതകൾ അടിയന്തരമായി പരിഹരിക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ല അതുകൊണ്ട് തന്നെ വിലക്കയറ്റം അനിയന്ത്രിതമായി തുടരുന്നു.

ലോക്ക് ഡൗണിനു മുൻപ് ഒരു കിലോ ഗോതമ്പ് 20 രൂപയെങ്കിൽ അത് ലോക്ക് ഡൗണിനു ശേഷം 40 മുതൽ 50 വരെയായി ഉയർന്നു, തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ നിരക്കും യഥാക്രമം 20 ൽ നിന്ന് 50 ആയും, 25 ൽ നിന്ന് 50 ആയും, 15 ൽ നിന്ന് 40 ആയും വർധിച്ചു. ഒപ്പം തന്നെ രാജ്യത്തെ ഒന്നേകാൽ കോടി പലചരക്ക് കടകളിൽ കേവലം 25 ലക്ഷത്തോളം കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത് ഇതുകൊണ്ടു തന്നെ രാജ്യത്ത് കൃത്യമായി ചരക്കു നീക്കം നടക്കുന്നില്ല എന്നതും വെളിവാകുന്നു, അതുകൊണ്ടുള്ള വിലക്കയറ്റവും പൂഴ്ത്തിവെപ്പും നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. അന്തർസംസ്ഥാന ചരക്കു നീക്കത്തിനുള്ള ആസൂത്രണം കുറ്റമറ്റതാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്‍റെ അടിയന്തര യോഗം ചേരണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.