ആഭ്യന്തരവകുപ്പ് കൊടി സുനിയെ ഏല്‍പ്പിക്കുന്നതാവും ഉചിതം: പരിഹസിച്ച് ഷാഫി പറമ്പില്‍

 

കണ്ണൂര്‍ : യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ നടന്ന അതിക്രമങ്ങളെ ആർഎസ്എസും സിപിഎമ്മും ഒരുപോലെ ആഘോഷിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. യൂത്ത് കോൺഗ്രസ് നേതാക്കളെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാൻഡ് ചെയ്യാൻ പോലീസ് അത്യുത്സാഹം കാണിച്ചു. പിടിച്ചുമാറ്റേണ്ട പോലീസ് അടിക്കാൻ പിടിച്ചുകൊടുത്ത ചിത്രം കേരളം ഇന്നലെ കണ്ടതായും ഷാഫി പറമ്പിൽ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1970 ൽ സിപിഎം പ്രവർത്തകർ നടത്തിയ കൂട്ടക്കൊലയെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ഷാഫി പറമ്പിൽ എംഎൽഎ സിപിഎമ്മിന് എതിരായ വിമർശനങ്ങൾക്ക് തുടക്കമിട്ടത്.  ആഭ്യന്തരവകുപ്പ് കൊടി സുനിയെ ഏൽപ്പിക്കുന്നതാണ് ഉചിതമെന്ന് ഷാഫി പരിഹസിച്ചു. യൂത്ത് കോൺഗ്രസിന് കൊലക്കേസ് പ്രതിയായ ജയരാജന്മാരിൽ നിന്നും സമര രീതി പഠിക്കേണ്ട ഗതികേടില്ല. മർദ്ദിച്ചവർ പുറത്തും മർദ്ദനമേറ്റവർ ജയിലിലും എന്നതാണ് സ്ഥിതിയെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

ഗുണ്ടായിസം കാണിച്ച് സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ കേരളത്തിലെ സിപിഎം ബംഗാളിലെ ഇന്നത്തെ അവസ്ഥയിലാവുമെന്ന് ഷാഫി പറമ്പില്‍ ഓര്‍മ്മിപ്പിച്ചു. സീതാറാം യെച്ചൂരിയുടെ ഓഫീസിൽ കയറി ഗുണ്ടായിസം കാണിച്ചവരുടെ തനിപ്പകർപ്പാണ് ഇന്നലെ കണ്ണൂരിൽ കണ്ടത്. ഉമ്മൻ ചാണ്ടിയുടെ നെഞ്ചത്ത് കല്ലെറിഞ്ഞവരാണ് യൂത്ത് കോൺഗ്രസ് സമരത്തെ വിമർശിക്കുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി. ഗുണ്ടകളുടെ അസോസിയേഷൻ രൂപികരിച്ച് വയനാട്ടിൽ സമ്മേളനം നടത്തിയവർക്കൊപ്പം ചേരുന്ന ഗുണ്ടകളായി ഡിവൈഎഫ്ഐ അധപതിച്ചു. തങ്ങൾ ആരുടെയും അടിമകളല്ല. പിണറായി വിജയന്‍റെ ഫാൻസ് അസോസിയേഷനുമല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കെ റെയിലിന് ബദൽ നിർദേശം യൂത്ത് കോൺഗ്രസ് തയാറാക്കും. കേരളത്തിലെ
കൊവിഡ് ബോംബായി സിപിഎം മാറിയിരിക്കുകയാണ്. സിപിഎം നിർദ്ദേശങ്ങൾക്കനുസരിച്ച് ജില്ലാ കളക്ടർ സർക്കുലർ മാറ്റുകയാണെന്ന് ഷാഫി കുറ്റപ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി ഏറ്റവും ഉയർന്നുനിൽക്കുന്ന മടിക്കൈയിലാണ് സിപിഎം കാസർഗോഡ് സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പാലക്കാട്  നടത്താനിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് മാറ്റിയതായി ഷാഫി പറമ്പിൽ അറിയിച്ചു. കൊവിഡ് സാഹചര്യം നോക്കിയതിന് ശേഷം ഉചിതമായ തീയതി തീരുമാനിക്കും. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജിന് പുറമെ വിവിധ യൂത്ത് കോൺഗ്രസ് ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കണ്ണൂരിലെത്തിയ ഷാഫി പറമ്പിൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്‌ നേതാക്കളെ സന്ദർശിച്ചു.

Comments (0)
Add Comment