വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസുകളെ കീഴടക്കിയ അതുല്യ പ്രതിഭ; എന്‍.എഫ്. വര്‍ഗീസ് ഓര്‍മയായിട്ട് 22 വര്‍ഷം

 

നടന്‍ എന്‍.എഫ്. വര്‍ഗീസ് ഓര്‍മയായിട്ട് 22 വര്‍ഷം. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക മനസുകളെ കീഴടക്കിയ മലയാള സിനിമയിലെ അതുല്യ പ്രതിഭ. 2002 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് എന്‍.എഫ്. വര്‍ഗീസ് ഈ ലോകത്തോട് വിട പറഞ്ഞു.

മലയാളത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തി പിന്നീട് സഹനടനായും സ്വഭാവനടനായും ഒക്കെ വ്യത്യസ്ഥ വേഷത്തില്‍ തിളങ്ങിയ താരം. കണ്ടു നില്‍ക്കുന്നവരെ പോലും ദേഷ്യം പിടിപ്പിക്കുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രതിഭയുടെ പ്രതിഫലനങ്ങള്‍ ആയി. ആകാശദൂതിലൂടെയാണ് എന്‍.എഫ്. വര്‍ഗീസ് ശ്രദ്ധനേടുന്നത്. സിബി മലയില്‍ ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാണ് എന്‍.എഫ്. വര്‍ഗീസ് എന്ന നടനെ രേഖപ്പെടുത്തിയത്. പാല്‍ക്കാരന്‍ കേശവന്‍ എന്ന കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കി. എന്‍.എഫ്. വര്‍ഗീസിന്‍റെ കരിയര്‍ ബ്രേക്കായി മാറിയ ആ സിനിമയ്ക്ക് പിന്നില്‍ ഒരു കലാകാരന്‍റെ പ്രയത്നവും അടങ്ങാത്ത സിനിമാ മോഹവും ഉണ്ടായിരുന്നു. വണ്ടി ഓടിക്കാന്‍ അറിയാത്ത വര്‍ഗീസ് ലഭിച്ച സിനിമ നഷ്ടപ്പെടരുതെന്ന് കരുതി ഒരാഴ്ച കൊണ്ട് വണ്ടിയോടിക്കാന്‍ പഠിച്ചു. അതെ… സിനിമ എന്നത് എന്‍.എഫ്. വര്‍ഗീസിന്‍റെ സ്വപ്നമായിരുന്നു. അതിനായി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു.

1949 മുതലാണ് എന്‍.എഫ്. വര്‍ഗീസ് മലയാള സിനിമയില്‍ സജീവമായത്. മിമിക്രി വേദിയില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. വെറും പത്ത് വര്‍ഷം കൊണ്ട് നൂറിലധികം സിനിമകള്‍. കലാഭവനിലും ഹരിശ്രീയിലുമായി പന്ത്രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, റാംജി റാവു സ്പീക്കിംഗ്, തലമുറ, സാഗരം സാക്ഷി, കടല്‍, സ്ഫടികം, ഈ പുഴയും കടന്ന് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകര്‍ അദ്ദേഹത്തെ നെഞ്ചിലേറ്റി. നെഗറ്റീവ് വേഷങ്ങള്‍ക്കിണങ്ങാത്ത ഒരു സാധാരണക്കാരന്‍റെ ശരീരമുള്ള എന്‍.എഫ്. വര്‍ഗീസ് തന്‍റെ അഭിനയ മികവ് കൊണ്ടാണ് വില്ലനായി മാറിയത്. മലയാളികളും സിനിമാ ലോകവും എന്നും ഓര്‍ക്കും ആ അനശ്വര കലാകാരനെ.

Comments (0)
Add Comment