‘പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചു പറയാൻ പറ്റില്ല, കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല’; മനു തോമസിന് ആകാശ് തില്ലങ്കേരിയുടെ ഭീഷണി


 

കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ  മനു തോമസിനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശിന്‍റെ ഭീഷണി. പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചു പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ടെന്നും കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നുംമാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ എഴുതിയത്. ഡിവൈഎഫ്ഐ നേതാവിന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഭീഷണി കമന്‍റ്. ഇന്നലെ പി. ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മനു തോമസ് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്.

ക്വേട്ടഷൻ സംഘങ്ങളും പാർട്ടി നേതാക്കളും തമ്മിലുള്ള ബന്ധമെന്ന ആരോപണം വീണ്ടും ചർച്ചയായതിനു പിന്നാലെ ഫേസ്ബുക്കിൽ പി. ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാൽ പാർട്ടി കൂട്ടുനിൽക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്‍റെ പോസ്റ്റ്‌. പിന്നാലെ ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി മനു തോമസും ഫേസ്ബുക്കിൽ കുറിപ്പിട്ടു. പാർട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്നും ഇപ്പോൾ താങ്കളുടെ അവസ്ഥ പരമ ദയനീയമാണെന്നും പറഞ്ഞ‌ാണ് മനു തോമസ് വിമര്‍ശിച്ചത്.

Comments (0)
Add Comment