ഉദ്യോഗസ്ഥര്‍ക്കിടയില്‍ തര്‍ക്കവും അഭിപ്രായഭിന്നതയും; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു

Jaihind News Bureau
Wednesday, April 29, 2020

 

ഉദ്യാഗസഥര്‍ക്കിടയിലെ തര്‍ക്കവും അഭിപ്രായഭിന്നതയും മൂലം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ടോം ജോസും ശ്രീറാം വെങ്കിട്ടരാമനും നേതൃത്വം നല്‍കുന്ന വാര്‍റൂമും രത്തന്‍ ഖേല്‍ഖറും രാജന്‍ ഖോബ്രഗഡെയും നേതൃത്വം നല്‍കുന്ന ആരോഗ്യവകുപ്പും തമ്മിലുളള ശീതസമരം രൂക്ഷമായതോടെ കൊവിഡ് പ്രതിരോധ രംഗത്ത് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കൊവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിന്റെ പ്രധാന കാരണവും ഉദ്യാഗസഥര്‍ക്കിടയിലെ ചക്കളത്തില്‍ പോരാട്ടമാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് കേരളം ഏറെ ശ്രദ്ധ പതിപ്പിക്കേണ്ട ഘട്ടമാണിത്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ഐ.എം.എ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ നിരന്തരംം ആവശ്യപ്പെട്ടിട്ടും അക്കാര്യത്തില്‍ ഇനിയും കാര്യമായി പുരോഗതി കൈവരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഉദ്യാഗസ്ഥര്‍ തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതമൂലം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ താളം തെറ്റിയ അവസ്ഥയിലാണ്. ടോം ജോസും ശ്രീറാം വെങ്കിട്ടരാമനും നേതൃത്വം നല്‍കുന്ന വാര്‍റൂമും രത്തന്‍ ഖേല്‍ഖറും രാജന്‍ ഖോബ്രഗഡെയും നേതൃത്വം നല്‍കുന്ന ആരോഗ്യവകുപ്പും തമ്മിലുളള ശീത സമരം ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.കൂട്ടായി തീരുമാനം എടുക്കുകയും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ഘട്ടത്തിലാണ് ഇരു ധ്രുവങ്ങളിലുമായി ഉദ്യാഗസ്ഥര്‍ നിലയുറപ്പിച്ചിരിക്കുന്നത്. കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയാല്‍ മാത്രമേ രോഗികളെ വേഗത്തില്‍ കണ്ടെത്താന്‍ കഴിയുകയുള്ളു.

വ്യാപകമായി ടെസ്റ്റുകള്‍ നടത്തിയാണ് പല സംസ്ഥാനങ്ങളം രോഗ വ്യാപനം ചെറുത്തത്. ഈ മാസം 11 ന് റാന്‍ഡം ടെസ്റ്റിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.എന്നാല്‍ ടെസ്റ്റുകള്‍ ആരംഭിച്ചതാകട്ടെ 26 ആം തീയതിയും. അതാകട്ടെ കാര്യക്ഷമമായി നടപ്പിലാക്കാനും ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല.മാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെ ടെസ്റ്റുകള്‍ കൂടുതല്‍ വ്യാപകമാക്കുമെന്ന് ഏതാനും ദിവസും മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഡി.എച്ച്.എസും ഡി.എം.ഒ ഓഫീസുകളും നോക്കു കുത്തികളാണ്.

സ്വതന്ത്രമായ ഇടപെടലുകള്‍ക്ക് അവര്‍ക്ക് യാതൊരു അനുവാദവും ഇല്ല. ഒരളവുവരെ കോറോണ വ്യാപനം തടയാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു.എന്നാല്‍ ലോക്ക്ഡൗണിലും പോസിറ്റീവ് കേസുകള്‍ കൂടുതലായി ഉണ്ടാവുകയാണ്. ആരോഗ്യവകിപ്പിന്റെ കാര്യക്ഷമതയില്ലായ്മ തന്നെയാണ് ഇവിടെ പ്രകടമാകുന്നത്. പോസീറ്റീവ് പുറത്ത് വിടുന്നതിലും കാലതാമസമുണ്ടാകുന്നു എന്ന ആക്ഷേപവും ശക്തമാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ രോഗികളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

പത്രസമ്മേളനത്തിന് ശേഷം പുതിയ കേസുകള്‍ വന്നാല്‍ അത് അടുത്ത ദിവസം വരെ റിപ്പോര്‍ട്ട് ചെയ്യില്ല. മുഖ്യമന്ത്രി പ്രഖ്യാപിക്കാത്തതിനാല്‍ അത്തരം കോസികളില്‍ ആരോഗ്യ വകുപ്പിന് കൃത്യസമയത്ത് ഇടപെടാനും കഴിയില്ല. മലപ്പുറത്ത് കേവിഡ് സ്ഥിരീകരിച്ച കുട്ടിയുടെ രോഗ വിവരം പുറത്തറിഞ്ഞത് 17 മണിക്കൂറിന് ശേഷമായിരുന്നു.കോവിഡ് പ്രതിരോധത്തില്‍ കേരളം മുന്നിലാണെന്നും ലോകത്തിന് തന്നെ മാതൃകയാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വലിയ വീഴ്ചകളാണ് കൊവിഡ് പ്രതിരോധ രംഗത്ത് ഉണ്ടാകുന്നത് എന്നതാണ് യാഥാര്‍ഥ്യം.