‘ഞാൻ മരിച്ചിട്ടില്ല’; പരാമർശത്തിൽ ജയിംസ് മാത്യു മാപ്പ് പറയണമെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ശശികുമാർ; പ്രസംഗത്തിൽ വെട്ടിലായി എം എൽഎ

ഐസ്ആർഒ ചാരക്കേസിൽ പ്രതിയാക്കപ്പെടുകയും, പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞൻ ഡി. ശശികുമാർ മരിച്ചുപോയെന്ന് നിയമസഭയിൽ പ്രസംഗിച്ച് പുലിവാലുപിടിച്ച് ജയിംസ് മാത്യു എംഎൽഎ. താൻ മരിച്ചിട്ടില്ലെന്നും, ഇത്തരം പരാമർശം നടത്തിയ ജയിംസ് മാത്യു എംഎൽഎ മാപ്പ് പറയണമെന്ന് ഡി. ശശികുമാർ ആവശ്യപ്പെട്ടു.

ഐഎസ്ആർഒ ചാരക്കേസിൽ ആരോപണവിധേയരായ ഏഴ് പേരിൽ ഒരാളായിരുന്നു ഡി. ശശികുമാർ എന്ന ശാസ്ത്രജ്ഞൻ. ഐഎസ്ആർഒയുടെ ക്രയോജനിക് ടെക്നോളജി ഡിവിഷന്‍റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു അദ്ദേഹം. ഇല്ലാത്ത ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനൊപ്പം ഇദ്ദേഹവും അറസ്റ്റ് ചെയ്യപ്പെട്ടു. റഷ്യയിൽ നിന്നുള്ള ക്രയോജനിക് ടെക്നോളജി ട്രാൻസ്ഫറിന്‍റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. 1999-ലാണ് ഡി.ശശികുമാർ വിരമിച്ചത്. നമ്പി നാരായണനും, ഡി ശശികുമാറിനുമൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഡി ചന്ദ്രശേഖർ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വിധിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ മരിച്ചിരുന്നു.  റഷ്യൻ സ്പേസ് ഏജൻസിയായ ഗ്ലാവ്കോസ്മോസിന്‍റെ ഇന്ത്യൻ പ്രതിനിധിയായിരുന്ന ഡി ചന്ദ്രശേഖർ.

നിയമസഭയിലെ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെയാണ് ചാരക്കേസിൽ ഉൾപ്പെട്ട ശശികുമാർ മരിച്ചുപോയി എന്ന് ജയിംസ് മാത്യു എംഎല്‍എ പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാക്കുകളിങ്ങനെ:

1994-ൽ അന്ന് സ്വന്തം പാർട്ടിയിലെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിനായി പ്രചരിപ്പിച്ച കൊടുംനുണ, കൊടുംചതി, പിന്നിൽ നിന്നുള്ള കുത്ത്, ആ കുത്തിന്‍റെ ഫലം അനുഭവിച്ച ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, ഇന്ന് വലിയൊരു തുക നഷ്ടപരിഹാരം വാങ്ങിയില്ലേ? അതിൽ പ്രതിയാക്കപ്പെട്ട മറ്റൊരാൾ, ശശികുമാർ മരിച്ചുപോയി. എന്തും ചെയ്യാൻ മടിക്കാത്തവരാണ് നിങ്ങൾ. അന്ന് കരുണാകരനെ പിന്നിൽ നിന്ന് കുത്തുന്നതിന് ഒപ്പം നിന്ന ഒരാൾ പിന്നീട് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി.

 

Comments (0)
Add Comment