നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം

Jaihind Webdesk
Friday, September 14, 2018

ISRO ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി വിധി. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും.

നമ്പി നാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തും. റിട്ടയേഡ് ജസ്റ്റിസ് അധ്യക്ഷനായ സമിതി അന്വേഷിക്കും. സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തും.

വിധി സ്വാഗതാര്‍ഹമെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ചതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സി.ബി.ഐ അന്വേഷണമായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീണ്ട നിയമപോരാട്ടമായിരുന്നു നിരപരാധിത്വം തെളിയിക്കാന്‍ തനിക്ക് നടത്തേണ്ടിവന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യങ്ങളോട് പറഞ്ഞു.

അതേസയമയം വിധി യുക്തിരഹിതമെന്ന് മുന്‍ SP കെ.കെ ജോഷ്വ പ്രതികരിച്ചു. പ്രതികരിക്കാനില്ലെന്ന് മുന്‍ ഡി.ജി.പി സിബി മാത്യൂസും മുന്‍ സി.ഐ എസ് വിജയനും പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹർജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ A.N ഖാൻവിൽക്കർ, D.Y ചന്ദ്രചൂഢ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.