വ്യോമാക്രമണം ലബനനിലേക്കും സിറിയയിലേക്കും വ്യാപിപ്പിച്ച് ഇസ്രയേല്‍

Jaihind Webdesk
Sunday, October 22, 2023

സമാധാനപ്രതീക്ഷകള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി വ്യോമാക്രമണം ലബനനിലേക്കും സിറിയയിലേക്കും വ്യാപിപ്പിച്ച് ഇസ്രയേല്‍. ഗാസയില്‍ അതിശക്തമായ ആക്രമണത്തിന് തയാറെടുപ്പും തുടങ്ങി. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈനികരെയും ടാങ്കുകളും വിന്യസിച്ചു. കടുത്ത ഉപരോധത്തിനിടെ തീവ്രദുരിതത്തില്‍ തുടരുകയാണ് വടക്കന്‍ ഗാസ. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെയും,അലപ്പോയിലെയും വിമാനത്താവളങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിമാനത്താവളങ്ങള്‍ക്ക് സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഹമാസുമായി ഏറ്റുമുട്ടല്‍ തുടങ്ങിയ ശേഷം സിറിയയില്‍ ഇസ്രയേലിന്റെ രണ്ടാമത്തെ ആക്രമണമാണിത്. ലെബനനിലെ ലബനനിലെ ഹിസ്ബുള്ള കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ ആറുപേരെ വധിച്ചെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി. ലെബനന്‍ യുദ്ധം വിളിച്ചുവരുത്തുകയാണെന്നാണ് ഇസ്രയേല്‍ ആരോപിച്ചു. അതേസമയം ഗാസയില്‍ തീവ്രമായ ആക്രമണത്തിന് സന്നാഹമൊരുങ്ങുകയാണ്. അതിര്‍ത്തിയിലേക്ക് ടാങ്കുകളെയും സൈനീകരെയും വിന്യസിച്ചു. ആളപായം ഒഴിവാക്കാന്‍ വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കി. യുഎസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മിഡില്‍ ഈസ്റ്റിലേക്കെത്തി. വെസ്റ്റ് ബാങ്കിലെ ഹമാസ് കേന്ദ്രം ആക്രമണത്തില്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയിലെ ഉപരോധത്തിന് അയവുവരുത്താത്ത സാഹചര്യത്തില്‍ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ വലയുന്ന 23 ലക്ഷം ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമായി. കോളറ അടക്കമുള്ള പകര്‍ച്ചവ്യാധികളും പടരുകയാണ്.