ഇസ്രയേലിലേക്കുളള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

Jaihind Webdesk
Sunday, October 8, 2023

ഇസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായിരുന്നു സര്‍വീസുകള്‍ നടത്തിയിരുന്നത്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കല്‍ തല്‍കാലം വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ തയാറെടുക്കാന്‍ വ്യോമ – നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നേക്കും. പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെയും തീര്‍ത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോയവരെയും തിരികെ എത്തിക്കണം എന്നയാവശ്യം ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി അറിയിച്ചു. 2006ല്‍ ഇസ്രയേല്‍ ലബനന്‍ യുദ്ധമുണ്ടായപ്പോള്‍ കടല്‍മാര്‍?ഗമാണ് ഇന്ത്യാക്കാരെ ഒഴിപ്പിച്ചിരുന്നത്. 23000 പേരെ അന്ന് ആദ്യം സൈപ്രസിലെത്തിച്ച് രാജ്യത്തേക്ക് കൊണ്ടുവരികയാണ് ചെയ്തത്. 2021ല്‍ മലയാളി സൗമ്യ സന്തോഷിന്റെ ജീവന്‍ നഷ്ടമായ സംഘര്‍ഷ സമയത്തും കേന്ദ്രം ഒഴിപ്പിക്കല്‍ ആലോചിച്ചിരുന്നു. അന്ന് സംഘര്‍ഷം 11 ദിവസത്തില്‍ അവസാനിച്ചു. നിലവില്‍ പതിനെട്ടായിരത്തോളം ഇന്ത്യാക്കാര്‍ ഇസ്രയേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്.