യുദ്ധം തുടങ്ങി; ഗാസയില്‍ രണ്ട് വ്യോമാക്രമണങ്ങള്‍, വിജയം വരിക്കുമെന്ന് നെതന്യാഹു

Jaihind Webdesk
Saturday, October 7, 2023


ഗാസ: പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലില്‍ കടന്ന് ആക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലെത്തിയിരുന്നു. ഇപ്പോഴിതാ ഫലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രായില്‍ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അപ്രതീക്ഷിതമായി നടന്ന വമ്പന്‍ ആക്രമണത്തില്‍ ഞെട്ടിയ ഇസ്രായേല്‍ പകരംവീട്ടിത്തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഗാസ മുനമ്പില്‍ നിന്ന് അയ്യായിരത്തിലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസിന്റെ സായുധ സേന അവകാശപ്പെട്ടിരുന്നു. ഇസ്രായേലിന് ഉളളില്‍ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റില്‍ 5000 റോക്കറ്റുകള്‍ തൊടുത്തുവെന്നാണ് ഹമാസ് പറയുന്നത്. ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 35 ഇസ്രായേല്‍ സൈനികരെ ബന്ധികളാക്കിയെന്നും ഹമാസ് അവകാശപ്പെടുന്നുണ്ട്. അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീന്‍ സായുധ സംഘമായ ഹമാസ് പുലര്‍ച്ചെ തുടക്കമിട്ടത്.

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിക്കുകയായിരുന്നു. ഗാര്‍സക്ക് സമീപം ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. 60 ഹമാസ് തീവ്രവാദികള്‍ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളില്‍ പോരാട്ടം തുടരുകയാണെന്നും യുദ്ധം ആരംഭിച്ചെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. തെക്കന്‍ ഇസ്രായേലില്‍ ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈയടുത്ത കാലത്ത് ഇസ്രായേല്‍ നേരിട്ട ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് നടന്നത്. രാജ്യത്തിന് ഉള്ളില്‍ കടന്നുളള ഹമാസിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ലോകത്തെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് ആ ആക്രമണമെന്നാണ് വിലയിരുത്തല്‍. ഇസ്രായില്‍ യുദ്ധത്തിലാണെന്നും വിജയം വരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.