ഇറാന്റെ ആയുധശേഖരം തകര്‍ത്ത് യുഎസ്; സിറിയയിലെ സൈനിക കേന്ദ്രങ്ങളിലേക്കും ആക്രമണം

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം ശക്തമാകുന്നതിനിടെ സിറിയയിലെ സൈനിക കേന്ദ്രങ്ങളിലേക്ക് യു.എസ് ആക്രമണം. ഇറാന്റെ ആയുധശേഖരം തകര്‍ത്തെന്ന് യു.എസ് അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു. സഹായമെത്തിക്കാന്‍ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. അതിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഇന്ന് രാവിലെയാണ് എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് സിറിയയിലെ രണ്ട് സൈനിക കേന്ദ്രങ്ങളിലേക്ക് യു.എസ് ആക്രമണം നടത്തിയത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ സിറിയയിലെ താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ആയുധ ശേഖരങ്ങള്‍ നശിപ്പിച്ചെന്നും പെന്റഗണ്‍ വ്യക്തമാക്കി. ഇറാഖിലേയും സിറിയയിലേയും യു.എസ് പൗരന്‍മാരെ രക്ഷിക്കുന്നതിനാണ് നടപടിയെന്നും ഇസ്രയേലുമായി ചേര്‍ന്നുള്ള ആക്രമണമല്ല ഇതെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പറഞ്ഞു.

കഴിഞ്ഞ ദിവസം ഇറാഖിലെയും സിറിയിയിലേയും യു.എസ്. സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു. ഇറാനാണ് ഇതിന് പിന്നിലെന്നാണ് യു.എസ് ആരോപണം. ഇക്കാര്യത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനേയിക്ക് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തിന് ഹമാസിനൊപ്പം ഉറച്ചുനില്‍ക്കുന്ന രാജ്യമാണ് ഇറാന്‍. അതിനിടെ ഗാസയിലേക്ക് സഹായമെത്തിക്കാന്‍ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തണനെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് പൂര്‍ണ അവകാശമുണ്ടെന്നും യൂറോപിയന്‍ യൂണിയന്‍ വ്യക്തമാക്കി. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ ഒട്ടേരെ ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും സീനിയര്‍ കമാന്‍ഡറെ വധിച്ചെന്നും ഐ.ഡി.എഫ്. അറിയിച്ചു. കരമാര്‍ഗം പരിമിത ആക്രമണം ഇന്നലെയും ഉണ്ടായി. നേരത്തെ ബന്ദികളാക്കിയവരില്‍ 50 പേര്‍ ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. സംഘര്‍ഷം ആരംഭിച്ച ശേഷം ഗാസയില്‍ ആകെ ഏഴായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.

 

Comments (0)
Add Comment