ഡല്‍ഹിയിലെ എംബസിക്ക് സമീപമുണ്ടായ പൊട്ടിത്തെറിയില്‍ ഭീകരാക്രമണ സാധ്യത തള്ളാതെ ഇസ്രയേല്‍. സ്‌ഫോടനസ്ഥലത്തുനിന്ന് അവശിഷ്ടങ്ങളും ബോള്‍- ബെയറിങ്ങുകളും കണ്ടെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ക്കണ്ട രണ്ട് യുവാക്കളെക്കുറിച്ച് അന്വേഷണം തുടങ്ങി. തീവ്രത കുറഞ്ഞ പൊട്ടിത്തെറിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൃഥ്വിരാജ് റോഡില്‍ ഇസ്രയേല്‍ എംബസിയുടെ പുറകുവശത്തുണ്ടായത് നിയന്ത്രിത സ്‌ഫോടനമെന്നാണ് വിലയിരുത്തല്‍. എംബസിയുടെ കെട്ടിടത്തില്‍നിന്ന് 150 മീറ്റര്‍ ദൂരത്തിലാണെങ്കിലും അതീവ സുരക്ഷ മേഖലയിലെ പൊട്ടിത്തെറിയില്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം തുടരുന്നു.
സിസി ടിവി ക്യാമറകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് യുവാക്കളെ കണ്ടെത്തിയിട്ടുണ്ട്. അബ്ദുല്‍ കലാം റോഡിലെയും പ്രിഥ്വിരാജ് റോഡിലെയും ക്യാമറകള്‍ പരിശോധിച്ച് ഇവരുടെ റൂട്ട് മാപ്പ് തയാറാക്കുന്നു. സ്‌ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയ വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സ്ഥലത്തുനിന്ന് ലഭിച്ച ഇസ്രയേല്‍ അംബാസഡറെ അഭിസംബോധന ചെയ്തുള്ള ഇംഗ്ലീഷ് കത്തും പരിശോധിക്കുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് എംബസി പരിസരം കനത്ത സുരക്ഷാ വലയത്തിലാണ്. ഇന്ത്യയിലെ ജൂതകേന്ദ്രങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. ആളുകൂടുന്ന സ്ഥലങ്ങളില്‍ പോകരുതെന്നും ഡല്‍ഹിയില്‍ പ്രത്യേക ജാഗ്രത വേണം എന്നുമാണ് ഇസ്രയേല്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ ജാഗ്രതനിര്‍ദേശം പുറത്തിറക്കിയത്. ബോംബ് സ്‌ഫോടനമാണുണ്ടായതെന്നും ഇസ്രയേല്‍ പറയുന്നു.