തിരുവനന്തപുരം: എ.ഡി.ജി.പി.- ആര്‍.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തില്‍ പ്രതികരിച്ച് ആര്‍.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍. ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഒരു എ.ഡി.ജി.പി., ആര്‍.എസ്.എസ്. അധികാരിയെ കാണാന്‍ വരുന്നതെന്നും ഐ.എ.എസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ ആര്‍.എസ്.എസ്. നേതൃത്വവുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പ്രമുഖരുമായുള്ള കൂടിക്കാഴ്ചകള്‍ ഇനിയും തുടരുമെന്നും ജയകുമാര്‍ വ്യക്തമാക്കുന്നു.
എ.ഡി.ജി.പി.- ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലെ സാന്നിധ്യമായിരുന്നു ആര്‍.എസ്.എസ് സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍. സമ്പര്‍ക്ക് പ്രമുഖ് എന്ന നിലയില്‍ ഇനിയും പ്രമുഖരുമായ കൂടിക്കാഴ്ചകള്‍ തുടരുമെന്നും നോട്ടീസ് കിട്ടിയാലും ഇല്ലെങ്കിലും കൂടിക്കാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും പറഞ്ഞാണ് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന് കീഴിലെ ഉന്നത ഉദ്യോഗസ്ഥരുടെ ആര്‍എസ്എസ് ബിജെപി ബന്ധം നേരത്തെ തന്നെ വലിയ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് കൂടിക്കാഴ്ച സ്ഥിരീകരിച്ച് ആര്‍എസ്എസ് തന്നെ രംഗത്തുവന്നിരിക്കുന്നത്.