ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്


ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉണ്ടായ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ഐഎസിന്‍റെ തന്നെ വാർത്താ ഏജൻസിയായ അമാഖ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതൽ തെളിവുകൾ പുറത്തുവിട്ടിട്ടില്ല. സ്‌ഫോടനങ്ങളിൽ മരണം 321 ആയി ഉയർന്നിട്ടുണ്ട്.

ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല. നാഷണൽ തൗഹീത് ജമാഅത്ത് എന്ന ഭീകര ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നും ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലീം പള്ളി ആക്രമിച്ചതിന്‍റെ പ്രതികാരമാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ശ്രീലങ്കൻ പ്രതിരോധമന്ത്രി റുവാൻ വിജെവർദ്ധനെ പാർലമെന്റിൽ വെളിപ്പെടുത്തി. അതിനിടെയാണ് ഐസിസ് ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഭീകരാക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽവന്നു. ശ്രീലങ്കൻ പൊലീസിനൊപ്പം ഇന്റർപോളും ചേർന്നതോടെ മറ്റൊരു ഭീകരസംഘടനയായ ജമാഅത്ത് ഉൽ മുജാഹിദീന്റെ നേർക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മാർച്ച് 15 ന് വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്നതിനിടെയാണ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ അക്രമി വെടിവെയ്പ് നടത്തിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചിലർ മരിച്ചതോടെയാണ് മരണം 321 ആയത്. 500ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 30ഓളം വിദേശികളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തു.

Srilanka Blasts
Comments (0)
Add Comment