ഐഎസ്എൽ ആറാം സീസണ്‍ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

Jaihind News Bureau
Saturday, February 29, 2020

ഐഎസ്എൽ ആറാം സീസണിലെ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ സെമിയിൽ ഗോവ എഫ്‌സി ചെന്നൈയിൻ എഫ്‌സിയെ നേരിടും. രാത്രി 7.30 നാണ് മത്സരം.

ചെന്നൈയിൽ മൈതാനത്ത് നടക്കുന്ന ആദ്യപാദ സെമിയിൽ മത്സരം തീപാറും എന്നുറപ്പ്. എടികെയും ബെംഗളുരു എഫ്സിയും തമ്മിലാണ് രണ്ടാം സെമി. ഓവൻ കോയിൽ പരിശീലകനായി സ്ഥാനമേറ്റെടുത്തശേഷം അതിഗംഭീരമായ കുതിപ്പ് നടത്തിയ ടീമാണ് ചെന്നൈയിൻ. രണ്ടുതവണ കിരീടം നേടിയ മുൻ ചാമ്പ്യന്മാരുടെ പകിട്ടോടുകൂടിയാണ് ടീം സെമിയിൽ സ്ഥാനം ഉറപ്പിച്ചതും. സീസൺ തുടക്കത്തിൽ മങ്ങിപ്പോയ ടീം അവസാന മത്സരങ്ങളിൽ മികവുകാട്ടി. ക്രിവല്ലാരോ വാൽസ്‌കിസ് സഖ്യത്തിന്‍റെ ഗോളടി മികവ് ടീമിന് തുണയായി. 20 ഗോളുകളും 11 അസിസ്റ്റുകളു
മാണ് ഇരുവരും നടത്തിയത്. എഫ്സി ഗോവയുടെ പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാക്കാൻ ഇവർക്ക് കഴിയും. അനിരുഥ് ഥാപ്പ, ഇഡ്വിൻ വാൻസ്പോൾ തുടങ്ങിയവരും ചെന്നൈയിൻ നിരയിൽ മികച്ച കളി പുറത്തെടുത്തു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ജയിച്ചാണ് ഗോവ സെമിയിൽ ഇറങ്ങുന്നത്. ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഗോവ കിരീടസാധ്യയുള്ള ടീമാണ്. സീസൺ തുടക്കം മുതൽ ഗോവ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഹ്യൂഗോ ബൗമസ്, ബ്രണ്ടൻ ഫെർണാണ്ടസ് തുടങ്ങിയവർ മധ്യനിരയിലും ഫെറാൻ കൊറോമിനാസ് മുന്നേറ്റത്തിലും ഉജ്വലമായ കളിയാണ് കാഴ്ചവെക്കുന്നത്. എഡു ബേദിയ, ജാക്കിചന്ദ് എന്നിവരും ചെന്നൈയിൻ പ്രതിരോധത്തിന് ഭീഷണിയാകും.