ലക്ഷദ്വീപ് ലക്ഷ്യമാക്കി ഐ.എസ് ഭീകരര്‍; കേരളതീരത്ത് കർശന ജാഗ്രതാ നിര്‍ദേശം

ശ്രീലങ്കയില്‍ നിന്ന് ഐ.എസ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സംശയകരമായ സാഹചര്യത്തില്‍ പതിനഞ്ചോളം ഐ.എസ് പ്രവര്‍ത്തകര്‍ വെള്ള ബോട്ടില്‍ സഞ്ചരിക്കുന്നതായാണ് മുന്നറിയിപ്പ്. ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലാ തീരദേശ ജില്ലാ പൊലീസ് മേധാവിമാർക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരര്‍ കടന്നുകയറുന്നതിനെതിരെ കേരളതീരത്ത് കനത്ത ജാഗ്രത.

ഐ.എസ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തീരദേശ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും തീരദേശ പൊലീസ് സ്റ്റേഷന്‍ ഇന്‍റലിജന്‍സ് വിംഗ് തലവന്‍മാര്‍ക്കുമാണ് ജാഗ്രതാ സന്ദേശം കൈമാറിയിരിക്കുന്നത്.  ബോട്ട് പട്രോളിംഗ് ഉള്‍പ്പെടെയുള്ള നിരീക്ഷണങ്ങള്‍ ശക്തമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയെ തുടര്‍ന്ന് ഇന്ത്യയിലും കര്‍ശന ജാഗ്രതയാണ് പുലര്‍ത്തിവരുന്നത്. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.

ISISTerrorism
Comments (0)
Add Comment