ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇഷാന്ത് ശർമ കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടിയായേക്കും

Jaihind News Bureau
Friday, February 28, 2020

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇറങ്ങുന്നതിന് മുൻപ് ഇന്ത്യക്ക് കനത്ത തിരിച്ചടി. ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്കായി മികച്ച രീതിയിൽ പന്തെറിഞ്ഞ ഇഷാന്ത് ശർമ രണ്ടാം ടെസ്റ്റിൽ കളിക്കില്ല. നേരത്തെ രഞ്ജി ട്രോഫിയ്ക്കിടെ ഏറ്റ പരിക്കാണ് നിർണായക ഘട്ടത്തിൽ ഇഷാന്തിന് വിനയായത്.

ഡൽഹിക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കുമ്പോളായിരുന്നു ഇഷാന്തിന്‍റെ കണ്ണങ്കാലിന് പരിക്കേൽക്കുന്നത്. ഇതേത്തുടർന്ന് കുറച്ച് നാൾ കളത്തിന് വെളിയിലായിരുന്ന ഇഷാന്ത് പരിക്കിൽ നിന്ന് മോചിതനായി ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലനത്തിലും മികച്ച രീതിയിലാണ് അദ്ദേഹം പന്തെറിഞ്ഞത്. എന്നാൽ ഇന്ന് 20 മിനുറ്റ് പന്തെറിഞ്ഞതിന് ശേഷം കണ്ണങ്കാലിലെ പരിക്കിനെത്തുടർന്ന് ഇഷാന്ത് പരിശീലനം മതിയാക്കി. വേദന കലശലായതിനെത്തുടർന്ന് താരം പിന്നാലെ മൈതാനം വിട്ടുകയും ചെയ്തു. ഇഷാന്ത് ശർമക്ക് പകരം ഉമേഷ് യാദവ് ടീമിലേക്കെത്തുമെന്നാണ് സൂചന. ന്യൂസിലാൻഡിന്‍റെ ഒന്നാം ഇന്നിങ്‌സിൽ ഇഷാന്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

എന്നാൽ ഇതുവരെ ന്യൂസിലാൻഡിൽ ഒരു ടെസ്റ്റ് പോലും ഉമേഷ് യാദവ് കളിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ ഉമേഷ് യാദവ് ഇന്ത്യക്ക് പുറത്ത് കളിച്ചത് 2018 ഡിസംബറിൽ പെർത്തിലാണ്. ഇത് ഇന്ത്യയുടെ ബൗളിങ് കരുത്തിനെ കാര്യമായി ബാധിക്കുന്നു.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നെറ്റ്‌സിൽ ഇഷാന്ത് പന്തെറിയാൻ എത്തിയിരുന്നു. എന്നാൽ മത്സര തലേന്ന് നടത്തിയ പരിശീലനത്തിൽ ഇഷാന്ത് ഇറങ്ങിയില്ല.