44 വര്‍ഷത്തെ സംഗീത ജീവിത യാത്രയുമായി ‘ഇസൈ രാജാങ്കം’ വരുന്നു ഷാര്‍ജയിലേക്ക് ; ഹൃദയത്തില്‍ നിന്നുള്ള സംഗീതം നിലനില്‍ക്കുമെന്ന് മാസ്‌ട്രോ ഇളയരാജ

B.S. Shiju
Wednesday, February 5, 2020

ദുബായ് : ഹൃദയത്തില്‍ നിന്നുള്ള സംഗീതം എക്കാലത്തും നിലനില്‍ക്കുമെന്ന് പ്രമുഖ സംഗീത സംവിധായകന്‍ ഇളയരാജ പറഞ്ഞു. പഴയ സംഗീതം എന്നോ, പുതുതലമുറയിലെ സംഗീതം എന്നോ പറഞ്ഞ് സംഗീതത്തെ പാരാമീറ്റര്‍ വെച്ച് അളക്കാന്‍ സാധ്യമല്ലെന്നും മാസ്‌ട്രോ ഇളയരാജ വ്യക്തമാക്കി. ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

മനുഷ്യരുടെ മാനസിക അവസ്ഥയെ സ്വാധീനിക്കുന്നതാണ് നല്ല സംഗീതം. അത് അതിന്‍റേതായ രീതിയില്‍ തന്നെ സംഭവിക്കുന്നതാണ്. നിരവധി യുവ സംഗീത സംവിധായകര്‍ ഈ മേഖലയിലേക്ക് കടന്ന് വരുന്നതിനെ കുറിച്ചുള്ള,  മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോടും വളരെ രസകരമായി ഇളയരാജ പ്രതികരിച്ചു. ”എന്നെ കൊണ്ട് അങ്ങിനെ ചിന്തിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കരുത്. കഴിവുള്ള പുതുതലമുറ സംഗീത മേഖലയിലേക്ക് കടന്ന് വരണം. അതിനോട് വലിയ സന്തോഷം മാത്രമേയുള്ളൂ”. എന്നാല്‍, മലയാളത്തില്‍ ഇനി അങ്ങയുടെ സംഗീത സംവിധാനത്തിലുള്ള പുതിയ പാട്ട് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോടും ”അത് സംഭവിച്ചേയ്ക്കാമെന്നും, എന്നാല്‍ അതേ കുറിച്ച് ചിന്തിക്കാറില്ലെന്നും അദേഹം മറുപടി പറഞ്ഞു”.

മാര്‍ച്ച് 27 ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ഇസൈ രാജാങ്കം’ എന്ന മെഗാ സംഗീത പരിപാടിയുടെ ഭാഗമായാണ് ദുബായില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. എസ് പി ബാലസുബ്രമണ്യം, മനോ, ഉഷാ ഉതുപ്പ് ഉള്‍പ്പടെയുള്ള വന്‍ ഗായകനിര പങ്കെടുക്കുന്ന 44 വര്‍ഷത്തെ സംഗീത യാത്രയാണ് , സ്റ്റേജ് ഷോയായി ഒരുക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി സംബന്ധിക്കും. രമേഷ് പി പിള്ള, ശ്രീ റാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.