യുപി പൊലീസിന് രാഹുല്‍ ഭയമോ; സംഭാലിലേക്കുളള രാഹുല്‍ ഗാന്ധിയുടെ യാത്ര തടഞ്ഞ് യുപി പൊലീസ്


ഡല്‍ഹി: വെടിവെപ്പുണ്ടായ സംഭലിലേക്ക് പുറപ്പെട്ട ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാപൂര്‍ അതിര്‍ത്തിയില്‍ വെച്ചാണ് യുപി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞത്.

രാഹുല്‍ മടങ്ങണമെന്നാണ് യുപി പൊലീസ് ആവശ്യപ്പെടുന്നത്. അതേസമയം അദ്ദേഹം വാഹനത്തില്‍ തന്നെ തുടരുകയാണ്. രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. അതിനിടെ ബാരിക്കേഡുകള്‍ മറിച്ചിടാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.

രാഹുലിനെ തടയാന്‍ ഗാസിപൂര്‍ അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹമാണ് യുപി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാല്‍ ആര്‍ക്കും പുറത്തുനിന്ന് വരാന്‍ കഴിയില്ലെന്നാണ് യോഗി സര്‍ക്കാറിന്റെ വാദം.

നേതാക്കള്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരെ തടയണമെന്ന് സംഭലിലെ അധികൃതര്‍ അയല്‍ ജില്ലകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുലന്ദ്ഷഹര്‍, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലെ പൊലീസ് മേധാവികള്‍ക്ക് അതിര്‍ത്തിയില്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് കത്തെഴുതി.

അതെസമയം യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment