കോണ്‍ഗ്രസിനെ കുറിച്ച് പ്രവചിക്കാന്‍ മോദി ‘ജോത്സ്യനാണോ’: പ്രിയങ്കാ ഗാന്ധി

 

അമേഠി\ഉത്തർപ്രദേശ്: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അതുപറയാന്‍ മോദി ജോത്സ്യനാണോ എന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 400 സീറ്റ് നേടുമെന്നും യുപിയില്‍ കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെടുമെന്നായിരുന്നു മോദിയുടെ അഭിപ്രായം. ഇതിനെതിരെയാണ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവർ എന്ത് ചെയ്തു? എന്നാല്‍ കോണ്‍ഗ്രസ്  അവിടെ എന്താക്കെ ചെയ്തെന്ന് മനസിലാക്കുക. ഇതെല്ലാം മനസിലാക്കി ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഭരണഘടന മാറ്റുന്നതിനെ കുറിച്ചാണ് ബിജെപി സംസാരിക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് ജനാധിപത്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രാഹുല്‍ ഗാന്ധിയും കിഷോരി ലാല്‍ ശര്‍മയും അവർ മത്സരിക്കുന്ന  റായ്ബറേലിയിലും അതുപോലെ തന്നെ അമേഠിയിലും വിജയിക്കും. ബിജെപിയുടെ ദിനേശ് പ്രതാപ് സിംഗിനെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും പരാജയപ്പെടുത്തി രണ്ട് സീറ്റിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം നേടും.

കോണ്‍ഗ്രസിന് ഈ രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങളോട് ആത്മബന്ധമുണ്ട്. എന്നാല്‍ സ്മൃതി ഇറാനി അമേഠിയില്‍ മത്സരിക്കുന്നത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് മാത്രമാണ്. ഈ മണ്ഡലത്തിലെ ജനങ്ങളോട് അവർക്ക് യാതൊരു ആത്മബന്ധവുമില്ലെന്ന് പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.

Comments (0)
Add Comment