‘ഡിവൈഎഫ്ഐ പോഷകസംഘടന അല്ലെങ്കില്‍ ബോംബ് നിർമ്മാണ ഫാക്ടറിയാണോ?’; എം.വി. ഗോവിന്ദനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

 

കോഴിക്കോട്: ഡിവൈെഎഫ്ഐയെ തള്ളിപ്പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിപിഎമ്മിന്‍റെ പോഷക സംഘടനയല്ലെങ്കില്‍ ഡിവൈഎഫ്ഐ ബോംബ് നിര്‍മ്മാണ ഫാക്ടറിയാണോ എന്ന് രാഹുല്‍ ചോദിച്ചു. തൊട്ടടുത്ത മണ്ഡലത്തില്‍ മത്സരിക്കുന്ന ഡിവൈഎഫ്ഐ നേതാവിനെ റീല്‍സ് ഇടാന്‍ മാത്രമാണോ സിപിഎം സഹായിക്കുന്നതെന്നും ആ വ്യക്തി മത്സരിക്കുന്നത് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ അല്ലേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. പാനൂര്‍ സ്‌ഫോടനത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും രാഹുല്‍ വാർത്താസമ്മേലനത്തില്‍ പറഞ്ഞു. യുഡിഎഫ് നേതാക്കളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മ്മാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് മത്സരരംഗത്തുനിന്ന് പിന്മാറണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും ആവശ്യപ്പെട്ടു. സിപിഎമ്മിന് പോഷകസംഘടനകളില്ലെന്നും പാനൂര്‍ സ്‌ഫോടനത്തിലെ പ്രതികളെ സംബന്ധിച്ച് ഡിവൈഎഫ്‌ഐയോടു ചോദിക്കണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. പാനൂര്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ പാര്‍ട്ടിയുടെ പോഷകസംഘടനയായ ഡിവൈഎഫ്‌ഐയില്‍ ഉള്ളവരാണല്ലോ എന്ന ചോദ്യത്തിനായിരുന്നു എം.വി. ഗോവിന്ദന്‍റെ മറുപടി.

Comments (0)
Add Comment