പാലക്കാട് താമര വിടര്‍ത്താന്‍ സിപിഎം വളമൊരുക്കുന്നോ? സിപിഎമ്മും ബിജെപിയും ഡീല്‍ ഉറപ്പിച്ചോ?

തിരുവനന്തപുരം:പി. അന്‍വര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആക്ഷേപം രാഷ്ട്രീയ കേരളത്തെയാകെ പിടിച്ചുകുലുക്കുകയാണ്.
പാലക്കാടും സിപിഎം-ബിജെപി ഡീല്‍ ഉറപ്പിച്ചതായുള്ള പി.വി.അന്‍വറിന്റെ ഇന്നലത്തെ മഞ്ചേരി പ്രസ്താവനയാണ് ചൂടുപിടിക്കുന്നത്. പാലക്കാടിന് പകരം ചേലക്കരയില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിന് മറിയുമെന്നാണ് അന്‍വര്‍ പറഞ്ഞത്. കഴിഞ്ഞ എട്ടുവര്‍ഷമായി സിപിഎമ്മിന്റെ മുന്‍നിര എംഎല്‍എ ആയിരുന്ന അന്‍വറിന്റെ പ്രസ്താവന ഉപതിരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിക്കുകയാണ്.

അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് സിപിഎമ്മാണ് മറുപടി പറയേണ്ടത് എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പ്രതികരിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച സീറ്റായിരുന്നു പാലക്കാട്. ഇ ശ്രീധരന്‍ പാലക്കാട് പരാജയപ്പെട്ടപ്പോള്‍ അത് ബിജെപിക്ക് കടുത്ത തിരിച്ചടിയായി. പരമാവധി ശ്രമിച്ചിട്ടും ശ്രീധരനെ പാലക്കാട് ജയിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ശ്രീധരന്‍ പരാജയപ്പെട്ടത്. ഇടത് സ്ഥാനാര്‍ഥി സിപി.പ്രമോദിന് ശ്രീധരനെക്കാള്‍ പതിനാലായിരം വോട്ടുകള്‍ കുറവായിരുന്നു.

ഷാഫി പറമ്പിലും കെ.രാധാകൃഷ്ണനും എംപിമാരായി വിജയിച്ചതോടെയാണ് പാലക്കാട്, ചേലക്കര നിയമസഭാ സീറ്റില്‍ തിരഞ്ഞെടുപ്പ് വന്നത്. ഷാഫി പറമ്പില്‍ വിജയിച്ച പാലക്കാട് കോണ്‍ഗ്രസിന് നിറഞ്ഞ പ്രതീക്ഷയാണ്. കെ.രാധാകൃഷ്ണന്‍ ഒഴിഞ്ഞ ചേലക്കര സീറ്റ് പിടിക്കേണ്ടത് സിപിഎമ്മിന്റെ അഭിമാന പ്രശ്‌നവുമാണ്. ഇതിനിടയിലാണ് സിപിഎമ്മും ബിജെപിയും ഡീല്‍ ഉറപ്പിച്ചതായി അന്‍വര്‍ ആരോപിച്ചത്.

Comments (0)
Add Comment