നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായി; കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

 

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. പരീക്ഷയുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കും. എന്‍ടിഎയെ മെച്ചപ്പെടുത്താന്‍ ഒട്ടേറെ മാറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ പരാതി പ്രവാഹമായിരുന്നു.

ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയതും ഹരിയാനയിലെ ഒരു കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ 6 വിദ്യാര്‍ത്ഥികള്‍ക്കു മുഴുവന്‍ മാര്‍ക്കു ലഭിച്ചതും പരീക്ഷയെ സംശയനിഴലിലാക്കി. പരീക്ഷ വീണ്ടും നടത്തണമെന്നും റാങ്ക് പുനര്‍നിര്‍ണയിക്കണമെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഏതായാലും ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി തുറന്ന് സമ്മതിക്കുമ്പോള്‍ അത് വലിയ പ്രത്യാഘാതമാകും ഉണ്ടാക്കുക. നീറ്റ് പരീക്ഷയില്‍ സുപ്രീംകോടതി നടപടിയെ പോലും സ്വാധീനിക്കുന്ന രീതിയിലേക്ക് ഈ വെളിപ്പെടുത്തല്‍ മാറുമെന്നതില്‍ സംശയമില്ല.

Comments (0)
Add Comment