പോസ്റ്റല്‍ വോട്ടിംഗില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇന്‍റലിജന്‍സ് വിഭാഗം തന്നെ കണ്ടെത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പോസ്റ്റല്‍ ബാലറ്റ് റദ്ദ് ചെയ്ത് പുതിയ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണയ്ക്ക് കെ.പി.സി.സി പ്രതിനിധിസംഘം കത്ത് നല്‍കി.
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളായ കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, എം.എല്‍.എമാരായ കെ.സി ജോസഫ്, വി.എസ് ശിവകുമാര്‍ എന്നിവരടങ്ങുന്ന പ്രതിനിധിസംഘം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ നേരില്‍ കണ്ടാണ് നിവേദനം നല്‍കിയത്.
സി.പി.എം അനുകൂല സംഘടനകളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗുരുതരവും ആസൂത്രിതവുമായ നീക്കമാണ് നടന്നിരിക്കുന്നതെന്ന് കെ.പി.സി.സി പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി. സി.പി.എമ്മിന്‍റെയും ഇടതുസര്‍ക്കാരിന്‍റെയും പിന്തുണയോടെയാണ് ഇത്തരമൊരു അട്ടിമറിക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംഘം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു.
വടകര ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷും തങ്ങളുടെ മണ്ഡലങ്ങളില്‍ നടന്ന കള്ളവോട്ടുകളെ സംബന്ധിച്ച പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ധരിപ്പിച്ചു.