അമേരിക്കക്ക് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയുടെ ഭീഷണി. ഭീകരാക്രമണങ്ങൾ നടത്തി ഇറാനിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇതിൽ അവർക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും റുഹാനി മുന്നറിയിപ്പ് നൽകി.
തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്വസ് നഗരത്തിൽ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ യുഎസ് ആണെന്നാണ് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ ആരോപണം. ഇറാനിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണു ഭീകരാക്രമണമെന്നും യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനു ന്യൂയോർക്കിലേക്കു പുറപ്പെടും മുൻപ് റൂഹാനി പറഞ്ഞു.
ഇറാനോട് പോരാടാനാണ് അമേരിക്കയുടെ നീക്കമെങ്കിൽ സദ്ദാമിന് സംഭവിച്ചതാണ് ഡൊണൾഡ് ട്രംപിനെ കാത്തിരിക്കുന്നതെന്ന് റുഹാനി മുന്നറിയിപ്പ് നൽകി.
യുഎസിന്റെ ഉപരോധങ്ങളെ ഏറ്റവും കുറവു നഷ്ടങ്ങളോടെ ഇറാൻ നേരിടും. എന്നാൽ ഇറാൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾക്കു നേരെയുള്ള നീക്കങ്ങളിൽ അമേരിക്കക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും റൂഹാനി പറഞ്ഞു. ഇറാനുമായുള്ള ആണവകരാറിൽ നിന്ന് അമേരിക്ക പിൻമാറിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇറാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്ക കഴിഞ്ഞ മാസം മുതൽ വ്യാപാര ഉപരോധവും ആരംഭിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തുന്നത്