കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. വിദേശ പര്യടനത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാന് തലസ്ഥാനമായ ടെഹ്റാനിലെത്തി. ബള്‍ഗേറിയയിലേക്കുള്ള യാത്രക്കിടെയാണ് സുഷമ സ്വരാജ് ഇറാന് വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഘ്ഷിയുമായി ചര്‍ച്ച നടത്തിയത്.
അതേസമയം പാകിസ്ഥാന് കേന്ദ്രമായ ഭീകരവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് ഇറാനും രംഗത്തെത്തി. സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇറാന് വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഘ്ഷി ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനും ഇന്ത്യയും രണ്ട് നീചമായ ഭീകരാക്രമണങ്ങള്‍ നേരിട്ടു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചര്‍ച്ചയില്‍ മേഖലയില്‍ ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇനിയും സഹിക്കാനാവില്ലെന്നും ഇറാന് വിദേശകാര്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.