ആവേശമുണർത്തി ഐപിഎല്‍ 12-ആം സീസണിന് ശനിയാഴ്ച തുടക്കം

Jaihind Webdesk
Tuesday, March 19, 2019

IPL-Vivo

ഐഎസ്എൽ അഞ്ചാം സീസൺ അവസാനിച്ചതിന് പിന്നാലെ ആവേശമുണർത്താൻ ഐപിഎല്ലും. പന്ത്രണ്ടാം സീസൺ ഐപിഎല്ലിനു ശനിയാഴ്ച തുടക്കമാവും. കിരീടം ലക്ഷ്യമിട്ട് 8 ടീമുകളാണ് മത്സരിക്കാൻ ഇറങ്ങുന്നത്.

ലോകകപ്പിന് തൊട്ടുമുമ്പുള്ള ടൂർണമെന്‍റായതിനാൽ മികച്ച പ്രകടനം ടീമിലേക്കുള്ള വഴി തെളിക്കുമെന്നതിനാൽ എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. 2018 ൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സായിരുന്നു ഐ.പി.എല്ലിൽ മുത്തമിട്ടത്. മൂന്നാം തവണയായിരുന്നു ഐ.പി.എൽ കിരീടത്തിൽ ചെന്നൈയുടെ മേൽ വിലാസം പതിഞ്ഞത്.

പുതിയ സീസണിൽ ആരായിരിക്കും കിരീടത്തിൽ മുത്തമിടുക. ചെന്നൈ സൂപ്പർ കിങ്സ് ആ കിരീട ഫേവറിറ്റുകളുടെ കൂട്ടത്തിലെ കരുത്തർ. മൂന്ന് തവണ കിരീടം നേടിയതിന്‍റെ ആത്മവിശ്വാസവും ഒപ്പമുണ്ട്. നിലവിലെ ചാംപ്യൻമാർ കൂടിയാണ് ചെന്നൈ താരനിര. ഈ സീസണിലും തങ്ങളുടെ ആധിപത്യമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ മന്നൻസ് ഇറങ്ങുന്നത്. ക്യാപ്റ്റൻ കൂൾ എം.എസ് ധോണിയുടെ ക്യാപ്റ്റൻസി ചെന്നൈക്ക് കരുത്തും കഴിവും പകരുന്നു. ടി20യിലെ മികച്ച മാച്ച് വിന്നർമാരുടെ സാന്നിധ്യം ടീമിനെ അപകടകാരികളാക്കുന്നു.

ധോണിയുടെ ക്യാപ്റ്റൻസി തന്നെയാണ് ചെന്നൈ സൂപ്പർ കിങ്സിനെ മറ്റു ടീമുകളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ കൂളായി ടീമിനെ കരക്കെത്തിക്കുവാൻ ധോണിക്ക് കഴിയും.

ആദ്യ മത്സരത്തിൽ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനേയാണ് നേരിടുന്നത്. കോഹ്ലിയും ധോണിയും തമ്മിലുള്ള പോരാട്ടമായതിനാൽ സീസണിലെ ആദ്യ മത്സരം തന്നെ പൊടിപാറും.