ഭാവി ടെക്നോളജിയുടെ വാതായനങ്ങള്‍ തുറന്ന് ദുബായില്‍ ഐപിഎയുടെ ‘ഇഗ്‌നൈറ്റ്’ ടെക് ഇന്‍വെസ്റ്റ്മെന്‍റ് മീറ്റ്

ദുബായ് : യുഎഇയിലെ ഇന്‍റര്‍നാഷണല്‍ പ്രമോട്ടേഴ്സ് അസോസിയേഷന്‍ (ഐപിഎ) ഒരുക്കുന്ന ‘ഇഗ്നൈറ്റ് 2022’ എന്ന ടെക് ഇന്‍വെസ്റ്റ്മെന്‍റ് മീറ്റ് ദുബായില്‍ ആരംഭിച്ചു. സാങ്കേതിക മേഖലയില്‍ നിക്ഷേപാവസരങ്ങള്‍ തേടുന്നവരുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മിഡില്‍ ഈസ്റ്റിലെ മെഗാ ടെക് ഇവന്‍റാണിത്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മലയാളി ബിസിനസ് ഡോട് കോം എന്നിവയുടെ സഹകരണത്തിലാണ് പരിപാടി.

ഇതോടനുബന്ധിച്ച് നടക്കുന്ന ബിസിനസ് എക്സിബിഷന്‍ ഇന്ന് (ഞായര്‍) വൈകിട്ട് യുഎഇ സമയം 6 മണി വരെ നടക്കും. സ്റ്റാര്‍ട്ടപ് നിക്ഷേപത്തിലെ മാര്‍ഗനിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട ഇന്‍ററാക്റ്റീവ് ഫോറം വൈകുന്നേരം 6 മുതല്‍ 8 മണി വരെയും, സാങ്കേതിക വിദ്യയിലൂടെ ബിസിനസിനെ എങ്ങനെ ഉയരങ്ങളിലെത്തിക്കാമെന്ന വിഷയം ആസ്പദമാക്കിയുള്ള വിദഗ്ധോപദേശ സെഷന്‍ രാത്രി 8 മുതല്‍ 10 വരെയും നടക്കുന്നതാണ്. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഇരുപതോളം കമ്പനികള്‍ പങ്കെടുക്കുന്നു. വൈകുന്നേരം നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഡയറക്ടര്‍ പി.എം റിയാസ്, കോഓര്‍ഡിനേറ്റര്‍ നസീഫ് എന്നിവര്‍ പങ്കെടുക്കും. മലബാര്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക് ചെയര്‍മാന്‍ ശൈലന്‍ സുഗുണന്‍, ഫ്രഷ് 2 ഹോം കോഫൗണ്ടര്‍ മാത്യു ജോസഫ് എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനും, കേരളത്തില്‍ നിന്നുള്ള 4 പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍വെസ്റ്റര്‍ പിച്ചുമുണ്ടാകും.

ഭാവിയില്‍ ടെക്നോളജിയുടെ വാതായനങ്ങള്‍ തേടുന്ന ഓരോ മലയാളിക്കും അവസരങ്ങളുടെ അനന്ത സാധ്യതകളാണ് ‘ഇഗ്നൈറ്റ് 2022’ കാത്തു വെച്ചിരിക്കുന്നതെന്ന് മലയാളി ബിസിനസ് ഡോട്കോം ഫൗണ്ടര്‍ മുനീര്‍ അല്‍വഫ പറഞ്ഞു. യുഎഇയിലെ മലയാളി ബിസിനസ് മേഖലയില്‍ ടെക്നോളജിയിലൂടെ ശക്തമായ മുന്നേറ്റം നടത്തിയ ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്ക് ഉപയോഗപ്രദമാകുന്ന ലോകത്തിലെ ആദ്യ മലയാളി ഇകൊമേഴ്സ് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ളേസായ മലയാളി ബിസിനസ് ഡോട്കോം, ആദ്യ പടിയായി 1000 മലയാളി ബിസിനസുകാരെയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ,  എസ്എംഇകള്‍ക്ക് ഓണ്‍ലൈന്‍ വഴി സര്‍വീസുകള്‍ നടത്താനും ഓണ്‍ലൈന്‍ പേയ്മെന്റ് സ്വീകരിക്കാനും സൗകര്യമുണ്ടാകുമെന്നും മുനീര്‍ വ്യക്തമാക്കി.

ബിസിനസ് മേഖല കൂടുതല്‍ ആധുനികവത്കരിക്കപ്പെടുന്ന കാലത്ത് ഈ രംഗത്ത് സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ സംരംഭകര്‍ക്ക് പരിചയപ്പെടുത്താനും അതിന്റെ സാധ്യതകള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനുമായാണ് ഐപിഎ ‘ഇഗ്നൈറ്റ് 2022’ ഒരുക്കുന്നതെന്ന് ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍ അറിയിച്ചു.

ബിസിനസ് രംഗത്ത് അവസരത്തിനൊത്തുയരുക എന്നതാണ് ഏറെ പ്രധാനം. വിപണിയുടെ ഗതിയറിഞ്ഞ് അതിന്റെ വളര്‍ച്ചക്കുതകുന്ന പ്രവര്‍ത്തന മേഖലകളെ ബിസിനസ് സമൂഹത്തിന് പരിചയപ്പെടുത്തുകയെന്നതാണ് ശ്രദ്ധേയമായ ഈ പരിപാടി കൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്ന് ഐപിഎ ഫൗണ്ടര്‍ എ.കെ ഫൈസല്‍ പറഞ്ഞു. കേരളത്തില്‍ വരാനിരിക്കുന്ന പതിനയ്യായിരത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത്തരത്തിലുള്ള ശ്രദ്ധേയമായ ഇവന്റുകള്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഈ വേദികളിലൂടെ തങ്ങളുടെ ബിസിനസ് ആശയങ്ങളെ വാണിജ്യ സമക്ഷത്തില്‍ അവതരിപ്പിക്കാനും മുന്നോട്ട് കൊണ്ട് പോകാനും ഇഗ്‌നൈറ്റ് പോലെയുള്ള ചടങ്ങുകള്‍ സംരംഭകര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ നാസിഫ് എന്‍ എം പറഞ്ഞു. പ്രവാസ ലോകത്ത് നടക്കുന്ന ഇത്തരത്തിലുള്ള ഇവന്റുകള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കാനും വൈവിധ്യമായ ബിസിനസ് നെറ്റ് വര്‍ക്കിലൂടെ ഈ രംഗത്ത് കൂടുതല്‍ സജീവത കൈവരിക്കാനും കഴിയുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എക്‌സ്റ്റേണല്‍ ഫണ്ടിംഗ് മാനേജര്‍ റാസിഖ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

ഐപിഎ ചെയര്‍മാന്‍ വി കെ ഷംസുദ്ദീന്‍, ഫൗണ്ടര്‍ എ.കെ ഫൈസല്‍, മുനീര്‍ അല്‍ വഫ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികളായ നാസിഫ്, റാസിഖ്, ഹസൈനാര്‍ ചുങ്കത്ത്, ഫിറോസ് കരുമണ്ണില്‍, സമീര്‍ പറവെട്ടി, നിജില്‍ ഇബ്രാഹിം കുട്ടി, ഫസലു റഹ്മാന്‍, ഷറഫുദ്ദീന്‍, ബിബി ജോണ്‍, ഷൈജു, തങ്കച്ചന്‍ മണ്ഡപത്തില്‍, മുഹമ്മദ് റഫീഖ്, സി.എ ശിഹാബ് തങ്ങള്‍, അഫി അഹ്മദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments (0)
Add Comment