ഐ.എൻ.എക്സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിന് രണ്ട് മാസത്തിന് ശേഷമാണ് പി ചിദംബരത്തിന് ജാമ്യം ലഭിക്കുന്നത്. നേരത്തെ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ചിദംബരം സമർപ്പിച്ച ഹർജിയിലാണ് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഇപ്പോള്‍ വിധി പ്രസ്താവിച്ചത്. എന്നാല്‍ ചിദംബരം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലുള്ളതിനാൽ ഉടന്‍ പുറത്തിറങ്ങാനാവില്ല.
യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ചട്ടം ലംഘിച്ച് ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ കേസ്. കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
അതേസമയം ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരയാവുകയായിരുന്നു ചിദംബരം. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് പി ചിദംബരം വ്യക്തമാക്കി. ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബാംഗങ്ങളോ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കേന്ദ്രം നുണ പ്രചരിപ്പിക്കുകയാണെന്നും അറസ്റ്റിന് മുമ്പ് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.