വധശ്രമക്കേസിൽ സി.ഒ.ടി നസീറിന്‍റെ മൊഴി നാലാം തവണയും അന്വേഷണ സംഘം രേഖപ്പെടുത്തി

സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നസീറിന്‍റെ മൊഴി അന്വേഷണ സംഘം നാലാം തവണയും രേഖപ്പെടുത്തി. എ.എൻ ഷംസീർ എംഎൽഎയ്ക്കെതിരായ മൊഴിയിൽ ഉറച്ച് നിൽക്കുന്നതായി നസീർ വ്യക്തമാക്കി. ഷംസീർ ഉപയോഗിക്കുന്ന വാഹനം ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതായും സി.ഒ.ടി നസീർ പറഞ്ഞു.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മാറിയ പശ്ചാത്തലത്തിലാണ് സി.ഒ.ടി നസീറിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. തലശ്ശേരി സി.ഐ ആയി ചുമതലയേറ്റ കെ സനൽകുമാറാണ് മൊഴിയെടുത്തത്. നേരത്തേയുള്ള അന്വേഷണ ഉദ്യോഗസ്ഥൻ മൂന്ന് തവണ മൊഴിയെടുത്തിരുന്നു.

അറസ്റ്റിലായ പ്രതി രാഗേഷിന് തന്നോട് യാതൊരു വ്യക്തി വൈരാഗ്യവുമില്ലെന്നും ആക്രമണത്തിന് പിന്നിൽ തലശ്ശേരി എം എൽ.എ എ.എൻ ഷംസീറാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയതായി സി.ഒ.ടി നസീർ പറഞ്ഞു. ഷംസീറിന്‍റെ വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഉറപ്പുനൽകിയതായും നസീർ പറഞ്ഞു.

ഷംസീറിന്‍റെ ഇന്നോവ കാറിലാണ് കേസിന്‍റെ ഗൂഢാലോചന നടന്നതെന്ന് പ്രതി പൊട്ടിയൻ സന്തോഷ് മൊഴി നൽകിയിരുന്നു. എന്നാൽ ഷംസീറിന്‍റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് സി.ഒ.ടി നസീറിന്‍റെ തീരുമാനം.

https://youtu.be/IpWESIyBnJ0

COT Naseeran shamseer
Comments (0)
Add Comment