സെക്രട്ടേറിയറ്റിലെ സെക്സ് റാക്കറ്റ് പരാതിയിൽ അന്വേഷണം തുടങ്ങി ; പൊതുഭരണ വകുപ്പിന് ലഭിച്ച പരാതി സ്ത്രീ സുരക്ഷ സമിതിക്ക് കൈമാറി

Jaihind News Bureau
Saturday, November 21, 2020

 

തിരുവനന്തപുരം:  സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ സിപിഎമ്മിന്‍റെ സര്‍വ്വീസ് സംഘടനയില്‍പ്പെട്ട ഒരുപറ്റം ജീവനക്കാരുടെ നേതൃത്വത്തില്‍ സെക്‌സ് റാക്കറ്റ് പ്രവർത്തിക്കുന്നതായുള്ള പരാതിയിൽ അന്വേഷണം തുടങ്ങി. രണ്ട് മാസം മുമ്പ് പൊതുഭരണ വകുപ്പിന് ലഭിച്ച പരാതി സെക്രട്ടേറിയറ്റിലെ സ്ത്രീ സുരക്ഷ സമിതിക്ക് കൈമാറി. കഴിഞ്ഞ ദിവസം ജയ്ഹിന്ദ് ന്യൂസാണ് ഗൗരവതരമായ പരാതി പുറത്തു കൊണ്ടുവന്നത്.

Read More : https://jaihindtv.in/sex-racket-in-secretariate-complaint-against-cpm-service-leaders/

ഇടത് യൂണിയൻ നേതാവായ പ്രവീണിനെതിരെ പൊതുഭരണ സെക്രട്ടറിക്ക് ലഭിച്ച പരാതിയാണ് തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ സമിതിക്ക് കൈമാറിയത്. പരാതി കമ്മറ്റിയുടെ പരിഗണനയിലാണെന്നും, കമ്മറ്റിയുടെ തീരുമാനം അനുസരിച്ചാവും തുടർനടപടികളെന്നും പൊതുഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി.ആർ യമുന വൃക്തമാക്കി.

രണ്ട് മാസം മുമ്പാണ് ഇത്തരമൊരു ഗൗരവതരമായ പരാതി പൊതുഭരണ വകുപ്പിന് ലഭിച്ചത്. എന്നാൽ ഇതുവരെ തുടർ നടപടികൾ വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം പരാതി പുറത്തു വന്നതോടെയാണ് അന്വേഷണം തുടങ്ങിയത്. ഏഴ് പേജുള്ള വിശദമായ പരാതിയിൽ അതീവ ഗൗരവതരമായ കാര്യങ്ങളാണ് വിശദീകരിച്ചിട്ടുള്ളത്.

സെക്രട്ടേറിയറ്റ് ഒന്നാം അനക്സ് കേന്ദ്രീകരിച്ചാണ് റാക്കറ്റിന്‍റെ പ്രവർത്തനമെന്നും റാക്കറ്റിന്‍റെ വലയിൽ വീഴുന്ന വനിതാ ഉദ്യോഗസ്ഥരെ സെക്ഷനിൽ വെച്ച് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതോടെ കൂടുതൽ തെളിവുകൾ പുറത്തുവരാനുള്ള സാധ്യതയും ഉടലെടുക്കുകയാണ്.