മാസപ്പടി കേസിലെ അന്വേഷണം: ‘ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍ മറ്റൊരു ഡീലാണോ എന്ന് സംശയമുണ്ട്’: കെ. മുരളീധരന്‍

 

എറണാകുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ. അന്വേഷണം ഏറ്റെടുത്ത് 10 മാസം പൂർത്തിയാകുമ്പോഴാണ് എസ്എഫ്ഐഒ വീണയു​ടെ മൊഴി രേഖപ്പെടുത്തിയത്.  അതുകൊണ്ട് തന്നെ ഇത് തൃശൂര്‍ പോലെ തന്നെ മറ്റൊരു ഡീലിന്‍റെ ആരംഭമാണോ എന്ന് സംശയിക്കുന്നുവെന്നും കെ. മുരളീധരൻ പറഞ്ഞു. ഡീൽ അനുസരിച്ചാണെങ്കിൽ എസ്എഫ്ഐഒ അന്വേഷണം മുന്നോട്ടുപോകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

മൊഴിയെടുപ്പിൽ സംശയമുണ്ട്. തൃശൂരിൽ കണ്ടതുപോലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്പര ധാരണയാണിത്. ചോദ്യം ചെയ്യൽ മാത്രമേ നടക്കുന്നുള്ളൂവെന്നും റിസൽറ്റ് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫിസിലെത്തി എസ്എഫ്ഐഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. രണ്ടു തവണ വീണയിൽ നിന്നു മൊഴിയെടുത്തതായാണ് സൂചന.

Comments (0)
Add Comment