ട്രഷറിയിൽ നിന്നും നിർമ്മാണ തൊഴിലാളി ക്ഷേമനിധിയുടെ 7 കോടിയോളം രൂപ നഷ്ടപ്പെട്ടു; അന്വേഷണം വേണമെന്ന് ബോർഡ്

Jaihind News Bureau
Thursday, August 6, 2020

നിർമ്മാണ തൊഴിലാളി ക്ഷേമനിധിയുടെ 6 കോടി 72 ലക്ഷം രൂപ ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. വഞ്ചിയൂർ ട്രഷറിയിലെ കൊള്ളയെ സംബന്ധിച്ചുള്ള അന്വേഷണത്തോടൊപ്പം നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിൽ നിന്നും നഷ്ടപ്പെട്ട 7 കോടിയോളം രൂപ സംബന്ധിച്ചും അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ചോര നീരാക്കി പണിയെടുക്കുന്ന നിർമ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള കരുതൽ ധനമാണ് ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ട്രഷറിയിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയുടെ എസ്.ടി.എസ്.ബി. അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന 25,05,98,000 രൂപയിൽ 6,72,00,000 രൂപയാണ് ട്രഷറിയുടെ അക്കൗണ്ടിൽ നിന്നും കാണാതായിരിക്കുന്നത്.

വിവിധ സ്ഥാപനങ്ങളും, വ്യക്തികളും നിർമാണ പ്രവർത്തനം നടത്തിയതിന്‍റെ സെസ്സിനത്തിൽ ക്ഷേമനിധി ബോർഡിന് നൽകിയിട്ടുള്ള ബില്ലുകൾ മാറി സൂക്ഷിച്ച നിക്ഷേപത്തിൽ നിന്നാണ് ഇത് നഷ്ടപ്പെട്ടിട്ടുള്ളത്. 2019ൽ ഇത് ബോർഡിന്‍റെ ശ്രദ്ധയിൽപ്പെടുകയും, ഗൗരവമായി ചർച്ചചെയ്യുകയും, വിശദമായി അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിൽ, ട്രഷറിയിലെ ക്ഷേമനിധിയുടെ അക്കൗണ്ടിലെ സ്റ്റേറ്റുമെന്‍റുകൾ മുഴുവൻ നീക്കം ചെയ്തിരിക്കുന്നതായാണ് കണ്ടത്.

വഞ്ചിയൂർ ട്രഷറിയിലെ 3 കോടിയോളം രൂപയുടെ കൊള്ള സംബന്ധിച്ചുള്ള അന്വേഷണത്തോടൊപ്പം, നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും നഷ്ടപ്പെട്ട 7 കോടിയോളം രൂപ കൂടി അന്വേഷിക്കണമെന്ന് ബോർഡ് ഡയറക്ടർ കെ.പി. തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ക്ഷേമനിധി ബോർഡ് യോഗം 7 കോടിയോളം രൂപ നഷ്ടമായ സംഭവം ഗൗരവമായി കാണുകയും ധനകാര്യ മന്ത്രിക്ക് ചെയർമാൻ വിശദമായ പരാതിക്കത്ത് നൽകുകയും ചെയ്തു. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കുറ്റക്കാരെ കണ്ടെത്തി ക്ഷേമനിധിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന അവശ്യം ശക്തമായിരിക്കുന്നത്.