പ്ലാറ്റിനം ജൂബിലി നിറവില്‍ ഐഎന്‍ടിയുസി; കരുണാകരന്‍ സ്മാരക ഓഫീസ് മന്ദിര ഉദ്ഘാടനവും സമ്മേളനവും തിരുവന്തപുരത്ത് നടന്നു

Jaihind Webdesk
Tuesday, May 3, 2022

 

തിരുവനന്തപുരം : ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി സമ്മേളനം കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം എകെ ആന്‍റണി ഉദ്ഘാടനം ചെയ്തു. കോൺ​ഗ്രസ് സർക്കാരുകൾ മുൻകാലങ്ങളിൽ കൊണ്ടുവന്നിട്ടുള്ള മുഴുവൻ തൊഴിൽ നിയമങ്ങളും ആറു വർഷം കൊണ്ട് ബിജെപി സർക്കാർ അട്ടിമറിച്ചെന്ന് എ.കെ ആന്‍റണി പറഞ്ഞു. കെ കരുണാകരൻ സ്മാരക സംസ്ഥാന കമ്മിറ്റി ഓഫീസ് മന്ദിരത്തിന്‍റെ ഉദ്ഘാടനവും നടന്നു.

കോവളം ഉദയസമുദ്ര ഓഡിറ്റോറിയത്തിൽ പതിനായിരത്തിലധികം വരുന്ന തൊഴിലാളികളെ സാക്ഷിനിർത്തി ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി ഭദ്രദീപം തെളിച്ചു. കോൺ​ഗ്രസും ഐഎൻടിയുസിയും തമ്മിലുള്ള ബന്ധം അനിഷേധ്യമാണ് എന്ന് എ.കെ ആന്‍റണി പറഞ്ഞു. സ്വതന്ത്ര സംഘടനയാണെങ്കിലും കോൺഗ്രസിന്‍റെ അടിത്തറ വളർത്തുന്ന ഏറ്റവും വലിയ പിൻബലമാണ് ഐഎൻടിയുസിയെന്നും ആന്‍റണി വ്യക്തമാക്കി. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതിലിങ്ങോട്ടുള്ള മുഴുവൻ പ്രധാനമന്ത്രിമാരും തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അനുവ​ദിക്കുകയും ചെയ്തിരുന്നു. അതിനെല്ലാം പിന്നിൽ ഐഎൻടിയുസിയുടെ സമ്മർദ്ദമുണ്ട്.

ഐഎൻടിയുസി ദേശീയ പ്രസിഡന്‍റ് ഡോ. ജി സഞ്ജീവ റെഡ്ഡി അധ്യക്ഷത വഹിച്ചു. ദേശീയ തൊഴിലാളികളുടെ ഐക്യവും മതേതര ശക്തികളുടെ കൂട്ടായ്മയും മാത്രമാണ് ദേശീയ രാഷ്ട്രീയത്തിന് അനിവാര്യമെന്ന് സഞ്ജീവ റെഡ്ഡി പറഞ്ഞു. പ്രത്യക്ഷത്തിൽ ബിജെപിയെ എതിർക്കുമെന്ന് പറയുകയും പരോക്ഷമായി അവർക്ക് വളരാനുള്ള അവസരമൊരുക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെ ശത്രുക്കളായി മാത്രമേ കാണാൻ കഴിയൂ എന്നു ആശംസകളർപ്പിച്ച കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് കൂട്ടുനിൽക്കുമ്പോൾ കേരളത്തിലെ ഇടതു സർക്കാർ കുത്തക മുതലാളിമാർക്ക് പിന്നാലെയാണ് പായുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ശശി തരൂർ എംപി, എം.കെ. രാഘവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വിവിധ രം​ഗത്ത് മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. മുന്‍ മുഖ്യമന്ത്രിയും ഐഎൻടിയുസി സ്ഥാപക നേതാവുമായ കെ കരുണാകന്‍റെ സ്മരണാർത്ഥം തലസ്ഥാനത്ത് നിർമിച്ച കെ കരുണാകരൻ സ്മാരക ഐഎൻടിയുസി മന്ദിരം അഖിലേന്ത്യാ പ്രസിഡന്‍റ് ജി സഞ്ജീവ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എ.കെ ആന്‍റണി, ഉമ്മൻ ചാണ്ടി എന്നിവർ ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു.

 

https://www.facebook.com/JaihindNewsChannel/videos/5123421761069692