ദുബായ് : ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നിശ്ശബ്ദരാക്കാന്‍ ശ്രമം നടക്കുകയാണെന്ന് എന്‍ഡിടിവി മാനേജിംഗ് എഡിറ്റര്‍ രവിഷ് കുമാര്‍ പറഞ്ഞു. ഭയവും സാമ്പത്തികഞെരുക്കവും സൃഷ്ടിച്ച് മാധ്യമങ്ങളെ വരുതിയിലാക്കുന്നുവെന്ന് എന്‍ഡിടിവി എഡിറ്റോറിയല്‍ ഡയറക്ടര്‍ സോണിയ സിംഗ് പറഞ്ഞു. യുഎഇയിലെ ഷാര്‍ജയില്‍ ജയ്ഹിന്ദ് ടി വി ( മിഡില്‍ ഈസ്റ്റ് ) എഡിറ്റോറിയല്‍ ഹെഡ് , എല്‍വിസ് ചുമ്മാറുമായി സംസാരിക്കുകയായിരുന്നു ഇരുവരും.
ഇന്ത്യയിലെ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്‍ഡിടിവി അടക്കം, സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ തുറന്നുകാട്ടുന്ന മാധ്യമ സ്ഥാപനങ്ങളാണ് യഥാര്‍ത്ഥ ‘പബ്ലിക് പോഡ്കാസ്റ്റേഴ്സ്’ . പൊതുമേഖലയിലെ ആകാശവാണിയും ദൂരദര്‍ശനും സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിക്കഴിഞ്ഞു. മാധ്യമങ്ങള്‍ രാജ്യത്തിന്റെ കാവല്‍ നായ്ക്കളാണ്. എന്നാല്‍, ഭയത്തിന്റെയും സാമ്പത്തിക ഞെരുക്കത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍ഡിടിവി എഡിറ്റോറിയല്‍ ഡയറക്ടര്‍ സോണിയ സിംങ് പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് പരിശോധനകള്‍ നടത്തിയും, സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചും, മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യയില്‍ പ്രതിപക്ഷശബ്ദം പ്രതിഫലിപ്പിക്കാന്‍, ഹിന്ദി മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും രവിഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
ഹിന്ദി മേഖലയിലെ പ്രാദേശിക ലേഖകരുടെ വിമര്‍ശനാത്മകമായ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ജില്ലാ എഡിഷനുകള്‍ക്ക് അപ്പുറത്തേക്ക് കടക്കുന്നില്ല. സംസ്ഥാനതലത്തില്‍ അവയെല്ലാം തമസ്കരിക്കപ്പെടുകയാണ്. രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് പകരം മതപരമായ താത്പര്യങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന്റെ താത്പര്യമനുസരിച്ച്, പല മാധ്യമങ്ങളും തങ്ങളുടെ നിലപാട് മാറ്റിക്കഴിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യങ്ങള്‍ ചോദിക്കുന്ന സ്വഭാവം പല മാധ്യമങ്ങളും ഉപേക്ഷിച്ചിരിക്കുന്നു. ഇതില്‍ ഹിന്ദി ന്യൂസ് ചാനലുകളാണ് കൂടുതല്‍.
ലോകത്തിന്റെ പല ഭാഗങ്ങളിലും അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതായി. എന്നാല്‍, ഇന്ത്യയില്‍, വിമര്‍ശനസ്വാതന്ത്ര്യം വേണ്ടുവോളം ഉണ്ടായിരുന്നു. എന്നാല്‍, അത്തരം അവസ്ഥ ഇപ്പോള്‍ രാജ്യത്ത് ഇല്ലെന്നും സോണിയ സിംഗ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ‘ഫോട്ടോഷൂട്ട് – ഫോട്ടോഷോപ്പ് വികസനം’ പല മേഖലകളേയും പോലെ തന്നെ, ഇന്ത്യയിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെയും ഇല്ലാതാക്കി. ഈ പ്രവണതയെ ചെറുക്കാന്‍ വഴിയില്ല. മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമെമെന്ന നിലയില്‍ എന്‍ഡിടിവിയുടെ പ്രവര്‍ത്തകരായ തങ്ങള്‍ക്ക് എവിടെയും ലഭിക്കുന്ന സ്വീകാര്യത തങ്ങളെ കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ളവരാക്കുന്നു. എന്നാല്‍, എന്‍ഡിടിവിയുടെ സ്ഥാപകനും അതിന്റെ വളര്‍ച്ചക്ക് കാരണക്കാരനുമായ പ്രണോയ് റോയിക്ക് , രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ വിലക്കേര്‍പ്പെടുത്തി. ഇതില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് സോണിയ സിംഗ് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ രാജ്യത്തെ ജനങ്ങളുടെ കൂടി പിന്തുണയുണ്ടാകണമെന്ന് രവിഷ് കുമാറും സോണിയ സിംഗും വ്യക്തമാക്കി.