എം.കെ രാഘവൻ എം.പിയുടെ ഇടപെടൽ; വല്ലാർപാടം തുറമുഖത്ത് സ്ഥല വാടകയും പിഴയും ഈടാക്കുന്നത് ജൂൺ 30 വരെ നിർത്തലാക്കാൻ ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിറക്കി

Jaihind News Bureau
Wednesday, April 22, 2020

കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ വല്ലാർപാടം തുറമുഖത്ത് കയറ്റുമതി, ഇറക്കുമതി വ്യാപാരികളിൽ നിന്നും ഈടാക്കിയിരുന്ന സ്ഥലവാടകയും, പിഴയും ഉൾപ്പെടെയുള്ള ചാർജുകൾ എം.കെ രാഘവൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് ജൂൺ 30 വരെ ഒഴിവാക്കാന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിറക്കി.

വല്ലാർ പാടം തുറമുഖത്ത് ഡി.പി വേൾഡ് എന്ന കമ്പനി ഇത്തരത്തില്‍ ചാർജുകൾ ഈടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി എം.കെ രാഘവൻ എം.പി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കും ഷിപ്പിംഗ് മന്ത്രി ഉൾപ്പെടെയുള്ളവർക്കും കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് 5 പേജുള്ള പുതിയ മാർഗരേഖ ഷിപ്പിംഗ് മന്ത്രാലയം പുറത്തിറക്കിയത്. പുതിയ മാർഗരേഖയുടെ പകർപ്പ് സഹിതം ഷിപ്പിംഗ്  മന്ത്രാലയം എം.കെ രാഘവന്‍ എം.പിയെ ഇക്കാര്യം അറിയിച്ചു.

കൊവിഡ് വൈറസ് ബാധയെതുടര്‍ന്ന് അവശ്യവസ്തുക്കള്‍ ഒഴികയുള്ള ചരക്ക് നീക്കങ്ങള്‍ക്കുള്ള നിയന്ത്രണം പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം ഷിപ്പിംഗ് മന്ത്രാലയം മാര്‍ച്ച് 31 ന് രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ക്ക് കണ്ടെയ്നറുകള്‍ സൂക്ഷിക്കുന്നതിനായുള്ള തറവാടകയും പിഴയും ഈടാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുംബൈ, ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളെല്ലാം ഈ ഉത്തരവ് അനുസരിച്ച് വാടകയും, പിഴയും മറ്റ് ചാര്‍ജുകളും ഒഴിവാക്കിയിരുന്നു. എന്നാല്‍ കൊച്ചി വല്ലാര്‍പാടം തുറമുഖം നടത്തിപ്പ് ചുമതലയുള്ള ഡി.പി വേള്‍ഡ് എന്ന സ്വകാര്യ കമ്പനി സ്ഥലവാടകയും പിഴയുമുള്‍പ്പെടെ ഒഴിവാക്കാന്‍ തയാറായിരുന്നില്ല. ഈ വിവരം മലബാര്‍ മേഖലയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരികള്‍ എം.പി യെ അറിയിച്ചതിനെ തുടര്‍ന്നാണ് എം.പി വിഷയത്തിൽ ഇടപെട്ടത്.

പുതിയ ഉത്തരവ് മലബാറിൽ നിന്നുൾപ്പെടെയുള്ള വല്ലാർപാടം തുറമുഖത്തെ ആശ്രയിക്കുന്ന കേരളത്തിലെ വ്യാപാരികൾക്കും അതു വഴി കേരളത്തിലെ വാണിജ്യ മേഖലക്കും സമ്പദ് വ്യവസ്ഥക്കും നിലവിലെ സാഹചര്യത്തിൽ ഒരു പരിധിവരെ ആശ്വാസകരമാകുമെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു.