രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 2018 ഡിസംബർ 7 ന് തിരിതെളിയും

23 ആമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 2018  ഡിസംബർ 7 ന് തിരിതെളിയും. മേള ഡിസംബർ 13ന് അവസാനിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ  അറിയിച്ചു.

കേരളം അനുഭവിക്കുന്ന പ്രളയക്കെടുതിയിൽ സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക ബാധ്യത നേരിടുന്നതിനാൽ സർക്കാർ നിർദേശമനുസരിച്ച് ചെലവു ചുരുക്കി നടത്തുന്ന ഈ മേള വിജയിപ്പിക്കുന്നതിനായി 2018 ഒക്ടോബർ 11 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ലക്സിലെ ഒളിമ്പിയ ഹാളിൽ വെച്ച് സ്വാഗതസംഘം രൂപീകരിക്കുമെന്നും കമൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. സാംസ്‌കാരിക, പട്ടികജാതി, പട്ടികവർഗക്ഷേമ, പിന്നാക്കക്ഷേമ, നിയമ, പാർലമെന്‍ററികാര്യവകുപ്പു മന്ത്രി എ കെ ബാലൻ പരിപാടി ഉദ്ഘാടനം ചെയ്യും.

ഡിസംബർ ഏഴുമുതൽ 13 വരെയാണ് ചലച്ചിത്രമേള. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒരു ദിവസം കുറച്ചു. 10,000, 15,000 പേരാണ് കഴിഞ്ഞ വർഷമെത്തിയത്. 2000 രൂപ ഡെലിഗേറ്റ് ഫീസാക്കിയാൽ രണ്ടുകോടി ശേഖരിക്കാം. ഇക്കാര്യം അടുത്തയാഴ്ച നടക്കുന്ന യോഗത്തിലേ തീരുമാനിക്കൂ. ബാക്കിയുള്ള തുക സ്പോൺസർമാർ മുഖേന കണ്ടെത്താൻ ശ്രമം തുടങ്ങി. അടുത്തയാഴ്ച ഇതിനുള്ള താത്പര്യപത്രം ക്ഷണിച്ച് പരസ്യം നൽകും. നിശാഗന്ധി, കലാഭവൻ, ടാഗോർ, കൈരളി, ശ്രീ, നിള തിയേറ്ററുകൾ സൗജന്യമായി ലഭ്യമാക്കണമെന്ന് സർക്കാരിനോടും കെ.എസ്.എഫ്.ഡി.സി.യോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ആജീവനാന്ത പുരസ്‌കാരം ഇക്കുറി നൽകില്ല. മറ്റ് പുരസ്‌കാരങ്ങളെല്ലാം ഉണ്ടാകും. ജൂറിമാരായി ഇക്കുറി പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ള ചലച്ചിത്രകാരന്മാരെയാണ് കൊണ്ടുവരാൻ സാധ്യത. മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യൻ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങൾ തുടരും.

Comments (0)
Add Comment