ശബരിമല : പ്രതിഷേധത്തിനിടയിലും ബി.ജെ.പിയുടെ ഗ്രൂപ്പുകളി

ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിയിലെ ഗ്രൂപ്പുപോരും കരുത്താർജ്ജിക്കുന്നു. തുലാമാസ പൂജകൾക്കായി നടതുറന്ന ദിവസം മുതൽ സുപ്രീം കോടതി വിധിയനുസരിച്ച് തങ്ങൾക്ക് ദർശനം നടത്തണമെന്ന ആവശ്യവുമായി എത്തിയ യുവതികളെ വിശ്വാസികൾ പമ്പയിലും സന്നിധാനത്തുമായി തടഞ്ഞിരുന്നു. പ്രതിഷേധങ്ങളെ ഹൈജാക്ക് ചെയ്ത് തങ്ങളുടേതാക്കി മാറ്റാൻ സുപ്രീം കോടതിവിധിയെ ആദ്യം സ്വാഗതം ചെയ്ത് രംഗത്തു വന്ന ബി.ജെ.പിയും – ആർ.എസ്.എസും തുടക്കം മുതൽ തന്നെ രംഗത്തുണ്ട്. വിശ്വാസകളുടെ സമരത്തിനിടയിൽ നുഴഞ്ഞു കയറി ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ ബി.ജെ.പി – സംഘപരിവാർ സ്വാധീനം വർധിപ്പിക്കാനുള്ള കേന്ദ്ര- കേരള ഘടകങ്ങളുടെ തന്ത്രത്തിന്റെ ഭാഗമായാണ് മുൻ നിലപാട് മറച്ചുവെച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ബി.ജെ.പി ശ്രമം നടക്കുന്നത്.

എല്ലാ ഗ്രൂപ്പിലും പെട്ട ജനറൽ സെക്രട്ടറിമാർ
യുവതീപ്രവേശനത്തെ തുടർന്ന് ഉയരുന്ന പ്രതിഷേധങ്ങൾ തങ്ങളുടേതാക്കി മാറ്റുന്നതിന് പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ ഗ്രൂപ്പിലും ഉൾപ്പെടുന്ന നാല് ജനറൽ സെക്രട്ടറിമാരെ ശബരിമലയിൽ നിയോഗിച്ചു. കൃഷ്ണദാസ് പക്ഷത്തു നിന്നുമുള്ള എം.ടി രമേശും മുരളീധരപക്ഷത്തു നിന്നുമുള്ള കെ.സുരേന്ദ്രനുമായിരുന്നു ഇതിലെ പ്രമുഖർ. നിലവിൽ ഗ്രൂപ്പിന്‍റെ ഭാഗമല്ലാത്തതും എന്നാൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനോട് ഏറെ അടുപ്പം പുലർത്തുന്നതുമായ ശോഭ സുരേന്ദ്രനെയും ഇവർക്കൊപ്പം നിയോഗിച്ചു.

സുരേന്ദ്രന്‍റെ അപ്രമാദിത്വം: കൃഷ്ണദാസ് പക്ഷത്തിന് അമർഷം
എന്നാൽ ശബരിമലയിൽ അരങ്ങേറുന്ന പ്രതിഷേധങ്ങൾക്ക് പൂർണ്ണ നേതൃത്വം നൽകാനെന്ന ഭാവേന വി. മുരളീധരൻ പക്ഷക്കാരായ സുരേന്ദ്രൻ ചുവടു മാറ്റിയതോടെ കൃഷ്ണദാസ് പക്ഷത്ത് കടുത്ത അമർഷമാണ് ഉടലെടുത്തത്. കൃഷ്ണദാസ് പക്ഷത്തു നിന്നുള്ള എംടി രമേശും എ.എൻ രാധാകൃഷ്ണനെയും തള്ളിയ സുരേന്ദ്രൻ തന്റെ അനുനായികളെ ശബരിമലയിലെത്തിച്ച് സമരം ഹൈജാക്ക് ചെയ്യാനുള്ള നീക്കങ്ങൾക്ക് കരുത്തു പകർന്നു. ദർശനത്തിനായി യുവതികളും ആക്ടിവിസ്റ്റുകളുമായ സ്ത്രീകൾ തുടർച്ചയായി എത്തിയതോടെ വിശ്വാസി സമൂഹവും തന്ത്രിയും പരികര്‍മ്മികള്‍ അടക്കമുള്ളവരും പ്രതിഷേധം കടുപ്പിച്ചിരുന്നു.  ഇതിനിടെ തുടർച്ചയായി മാധ്യമങ്ങൾക്ക് പ്രതികരണം നൽകി തന്റെ സാന്നിധ്യം ഉറപ്പു വരുത്തുന്ന സുരേന്ദ്രന്‍റെ നടപടിയോട് കൃഷ്ണദാസ് വിഭാഗം കടുത്ത എതിർപ്പും പ്രകടിപ്പിച്ചു. ഇതോടെ സുന്ദ്രേന്‍റെ സാന്നിധ്യത്തിനൊപ്പം കൃഷ്ണദാസ് പക്ഷത്തിന്‍റെ സാന്നിധ്യമുറപ്പിക്കാനും ഉന്നതങ്ങളിൽ നിന്നുതന്നെ എ.എൻ രാധാകൃഷ്ണനടക്കമുള്ളവർക്ക് നിർദ്ദേശം ലഭിച്ചു.
ഇതോടെയാണ് പ്രതിഷേധങ്ങളെ തുടർന്ന് നിലവിൽ പമ്പയിലടക്കം നാലിടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിച്ച് ശ്രദ്ധ നേടാൻ കൃഷ്ണദാസ് പക്ഷം നീക്കമാരംഭിച്ചത്. തുടർന്ന് കൃഷ്ണദാസ് പക്ഷത്തെ ഏറ്റവും പ്രമുഖ നേതാവായ എ.എൻ രാധാകൃഷ്ണനടക്കമുള്ളവർ പ്രതീകാത്മകമായി നിലയ്ക്കലിലെത്തി നിരോധനാജ്ഞ ലംഘിച്ച് ശ്രദ്ധ നേടിയത്. ഇതോടെ വീണ്ടും മുരളീധരപക്ഷം സന്നിധാനത്ത് തമ്പടിച്ചിട്ടുള്ള സുരേന്ദ്രന് നിലപാട് കടുപ്പിക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. ശബരിമലയിൽ വിശ്വാസികൾ നടത്തുന്ന സമരത്തെ ഏതുവിധേനയും തങ്ങൾക്കനുകൂലമാക്കി മാറ്റി ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ രാഷ്ട്രീയ മുന്നേറ്റം നടത്താനൊരുങ്ങുന്ന ബി.ജെ.പിക്ക് നേതാക്കൾക്കിടയിലെ ശീതസമരം തലവേദനയായി മാറിയിട്ടുണ്ട്.

മുൻ നിലപാടിന് ഉത്തരമില്ലാത്തെ സംഘപരിവാറും ബി.ജെ.പിയും
ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി വിധി പുറത്തുവരുന്നതിനു മുമ്പു തന്നെ ആർ.എസ്.എസ് – സംഘപരിവാർ കേന്ദ്ര- കേരള നേതൃത്വം ഇതിനെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ മുമ്പു തന്നെ ക്ഷേത്രങ്ങളിലെ യുവതീ പ്രവേശനം സംബന്ധിച്ച് ലേഖന പരമ്പര തുടങ്ങിയിരുന്നു. വിധി വന്ന ശേഷവും ആർ.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങൾ ഇതിനെ സമ്പൂർണ്ണമായി സ്വാഗതം ചെയ്തു. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിൽ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ഭാരതീയ വിചാര കേന്ദ്രത്തിലെ ഉന്നത സ്ഥാനീയനായ ആർ. സഞ്ജയൻ ലേഖനമെഴുതുകയും ചെയ്തു. ഇതിനു പുറമേ ആർ.എസ്.എസ് അനുകൂല ചാനലായ ജനത്തിൽ ബി.ജെ.പി നോവ് ഭയ്യാജി ജോഷിയും സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പ്രതികരണം നൽകിയിരുന്നു.

എന്നാൽ വിശ്വാസി സമൂഹം ഇതിനെ തിരസ്‌ക്കരിച്ച് രംഗത്ത് വന്നതോടെ സംഘപരിവാറിനും ബി.ജെ.പിക്കും ഉത്തരം മുട്ടി. വിധിയെ മുതലെടുത്ത് സംസ്ഥാനത്ത് രാഷ്ട്രീയ മുന്നേറ്റം നടത്താനായിരുന്നു പിന്നീട് ബി.ജെ.പി – ആർ.എസ്.എസ് ആലോചന. ഇതിന്റെ ഭാഗമായി വിശ്വസി സമൂഹം നടത്തുന്ന പ്രതിഷേധങ്ങളിൽ നുഴഞ്ഞു കയറിയ കേരളത്തിലെ നേതാക്കൾ ആർ.എസ്.എസ് നേതൃത്വത്തെ തള്ളി രംഗത്തു വന്നു. പിന്നീട് വിധിയുടെ രാഷ്ട്രീയമാനം ആർ.എസ്.എസിനു മുന്നിൽ വിശദീകരിച്ച കേരള ആർ.എസ്.എസ് – ബി.ജെ.പി നേതൃത്വം ആർ.എസ്.എസ് സംർസംഘചാലക്ക് മോഹൻ ഭഗവതിനെ കൊണ്ട് നിലപാട് തിരുത്തി പറയിപ്പിക്കുകയായിരുന്നു. എന്നാൽ വിധിയെ ശക്തമായി സ്വാഗതം ചെയ്ത ബി.ജെ.പി പിന്നീട് കപടഭക്തി പുറത്തെടുത്ത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇതിനെ ഉപയോഗിക്കുകയാണെന്ന വികാരമാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ളത്.

bjpSabarimala
Comments (0)
Add Comment