പോരടിച്ച് കാനവും കോടിയേരിയും : സിപിഎമ്മിന് നവയുഗത്തിലൂടെ മറുപടിയെന്ന് കാനം : പറയാനുള്ളത് പറയാന്‍ പാർട്ടിക്ക് ആരുടേയും ചീട്ട് വേണ്ടന്ന് കോടിയേരി

സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്തയില്‍ സിപിഐ ക്കെതിരെ ലേഖനം വന്നതിനു പിന്നാലെ ഇടതു മുന്നണിയില്‍ പോര് കനക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും തമ്മിലുള്ള വാക് പോരിലേക്കാണ് ലേഖനം വഴിവച്ചത്. ചിന്ത വാരികയിലെ ലേഖനത്തിന് സിപിഐയുടെ രാഷ്‌ട്രീയ പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ മറുപടി പറയുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.

എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. മുന്നണിയിൽ പാർട്ടികൾ തമ്മിൽ പ്രത്യയശാസ്ത്രപരമായ തർക്കങ്ങൾ ആവാം. എന്നാല്‍ വിമർശനം ഉന്നയിക്കുന്നവർ തന്നെയാണ് ആ വിമർശനം ശരിയാണോ എന്ന് ചിന്തിക്കേണ്ടതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കാനം രാജേന്ദ്രന്‍റെ പ്രതികരണത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. പാർട്ടിക്ക് പറയാൻ ഉള്ളത് പാർട്ടി എവിടെയായാലും പറയും. അതിന് ആരുടെയും ചീട്ട് ആവശ്യമില്ലെന്നാണ് കോടിയേരിയുടെ പ്രതികരണം. സിപിഐയുടെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്. നവയുഗത്തില്‍ അവര്‍ എഴുതട്ടെ, അത് അവരുടെ അവകാശമാണ്. നവയുഗത്തിൽ മുൻപും പല ലേഖനങ്ങളും വന്നിട്ടുണ്ട്. വിവാദം ഉണ്ടാക്കാനാണ് സിപിഐ തീരുമാനം എങ്കിൽ അവർ വിവാദം ഉണ്ടാക്കട്ടെ – കോടിയേരി പറഞ്ഞു.

റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സിപിഐ  യെന്നും കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയായിരുന്നു സിപിഐ എന്നും ‘ചിന്ത’ യില്‍ ലേഖനം വന്നിരുന്നു.  ‘തിരുത്തൽവാദത്തിന്‍റെ ചരിത്രവേരുകൾ’ എന്ന പേരിലാണ് സിപിഐക്കെതിരെയുള്ള ചിന്തയിലെ ലേഖനം. പാർട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സിപിഐ തയ്യാറാക്കിയ കുറിപ്പിൽ ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇടതുപക്ഷത്തെ തിരുത്തൽശക്തിയെന്നത് മുമ്പ് വലതുപക്ഷമാധ്യമങ്ങൾ സിപിഎമ്മിനെ കുത്താനായി സിപിഐക്ക് ചാർത്തിക്കൊടുത്ത പദവിയാണ്. ഇത്തവണ ആ പട്ടം അവർ സ്വയം  എടുത്തണിഞ്ഞിരിക്കയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

 

 

 

Comments (0)
Add Comment