ശബരിമല: ഗ്രൂപ്പുവഴക്കും ഹൈക്കോടതി ഉത്തരവും വിനയായി, പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറി ബിജെപി

Jaihind Webdesk
Thursday, November 29, 2018

ശബരിമല യുവതീപ്രവേശത്തിനെതിരെ നടത്തിവരുന്ന സമരത്തിൽ നിന്ന് പിന്മാറി ബി.ജെ.പി. പാർട്ടിയിലെ ഗ്രൂപ്പുവഴക്കിനും ഭിന്നതയ്ക്കും പുറമേ ഹൈക്കോടതി നിലപാട് കടുപ്പിച്ചതും ബി.ജെ.പിക്ക് തിരിച്ചടിയായി. ഇതോടെ യുവമോർച്ച നിലയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഇന്നു നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചു. ബി.ജെ.പിയുടെ അക്രമാസക്തമായ പ്രക്ഷോഭവും പൊലീസിന്‍റെ നിയന്ത്രണങ്ങളും ശബരിമലയിലേക്ക് എത്തുന്ന ഭക്തർക്ക് ഭയപ്പാടുണ്ടാക്കിയിരുന്നു. ഇത്തരം വസ്തുതകൾ തുറന്നുകാട്ടി കോൺഗ്രസും യു.ഡി.എഫും നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ചതോടെ ബി.ജെ.പി സമരങ്ങളുടെ പൊള്ളത്തരം പുറത്തായിരുന്നു. ഇതിനു പുറമേ ഹൈക്കോടതിയുടെ ഇടപെടൽ ഭക്തർക്ക് അനുകൂലമായതും ബി.ജെ.പിക്ക് തിരിച്ചടിയായി. ഇേതാടെ നിലപാട് മാറ്റാൻ നിർബന്ധിതമായ ബി.ജെ.പി ഇനി പ്രതീകാത്മക സമരമെന്ന വ്യാജേന സമരത്തിൽ നിന്നും പിന്മാറുകയായിരുന്നു.

ബി.ജെ.പി – സി.പി.എം അച്യുതണ്ട് പൊളിച്ച് കോടതിയും യു.ഡി.എഫും

യുവതീപ്രവേശന സമരത്തിലുടനീളം ദൃശ്യമായ ബി.ജെ.പി – സി.പിഎം നീക്ക്‌പോക്ക് തുറന്നുകാട്ടുന്നതിൽ കോൺ്രഗസും യു.ഡി.എഫും വിജയിച്ചതോടെയാണ് ബി.ജെ.പിക്ക് അടിതെറ്റിയത്. സമരകോലാഹലങ്ങളെ തുടർന്ന് ബി.ജെ.പിയിൽ ഉടലെടുത്ത ചേരിപ്പോരും പാർട്ടിയെ സമ്മർദ്ദത്തിലാക്കി. യുവതീപ്രവേശന സാധ്യത നിലനിൽക്കാത്ത സമയത്തു പോലും സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തി സന്നിധാനത്തും സംഘർഷം വിതച്ച് സന്നിധാനത്തെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് അറസ്റ്റും വ്യാപകമായി. സമരത്തെ കടുപ്പിക്കാനുള്ള സി.പി.എം – ബി.ജെ.പി നീക്കത്തിന്റെ ഭാഗമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ സംഘപരിവാർ നേതാവ് കെ.പി ശശികല എന്നിവരെ ഇരുമുടിക്കെട്ടോടെ തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു സർക്കാർ നിർദ്ദേശം. ഭക്തർക്കിടയിലുള്ള വികാരം മുതലെടുത്ത് രാഷ്ട്രീയനേട്ടം കൊയ്യാനായിരുന്നു ബി.ജെ.പിയുടെയും സി.പി.എമ്മിന്‍റെയും നീക്കം. ബി.ജെ.പി ഭക്തർക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന വ്യാജേന രാഷ്ട്രീയമായി വിഷയത്തെ ഉപയോഗപ്പെടുത്തുമ്പോൾ സംഘപരിവാറിനെ കൃത്യമായി പ്രതിരോധിക്കാൻ തങ്ങൾ മാത്രമാണുള്ളത് എന്ന സന്ദേശം നൽകലായിരുന്നു സി.പി.എം നടത്തിയത്. എന്നാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ നിലയ്ക്കലിലെത്തിയ സംഘം ശരണംവിളികളുമായി നിരോധനാജ്ഞ ലംഘിച്ച് ഭക്തർക്കൊപ്പം നിലയുറപ്പിച്ചതോടെ ബി.ജെ.പി – സി.പി.എം രഹസ്യഅജൻഡ പൊളിഞ്ഞു. ഇതിനു മുമ്പ് കോൺഗ്രസ് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ് , വി.എസ് ശിവകുമാർ എന്നിവർ പമ്പയിലും സന്നിധാനത്തുമെത്തി ഭക്തർക്ക് ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ നേരിട്ടു കണ്ട് മനസിലാക്കിയിരുന്നു. പിന്നീട് സന്നിധാനത്തെ അനാവശ്യ പ്രക്ഷോഭങ്ങൾക്കെതിരെ െഹെക്കോടതിയും നിലപാട് കടുപ്പിച്ച് വിശ്വാസികൾക്ക് അനുകൂലമായി നിലപാടെടുത്തതോടെ ബി.ജെ.പി പൂർണ്ണ പരാജയമായി മാറി.

പ്രതിഷേധം നിയമസഭയിലേക്ക് വ്യാപിപ്പിച്ച് യു.ഡി.എഫ്

യുവതീപ്രവേശന വിധി നടപ്പാക്കാനുള്ള ഇടതു സർക്കാരിന്‍റെ അനാവശ്യ ധൃതിയും ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്ന ഭക്തരുടെ നേർച്ചിത്രവും നിരോധനാജ്ഞ അടക്കമുള്ള പൊലീസിന്‍റെ അനാവശ്യ നിയന്ത്രണവും യു.ഡി.എഫ് സഭയിൽ ചർച്ചയാക്കിയതോടെ ബി.ജെ.പിയുടെ കപടമുഖം കൂടുതൽ വ്യക്തമായി. ബി.ജെ.പി അംഗമായ ഒ. രാജഗോപാലിന്‍റെ ഭാഗത്തു നിന്നും കടുത്ത പ്രതിഷേധമൊന്നും ഉയർന്നുമില്ല. നിയമസഭാ സേമ്മളനത്തിന്‍റെ ഒന്നാം ദിവസം മുതൽ യു.ഡി.എഫ് സഭയ്ക്കുള്ളിൽ സമരമുഖം തുറന്നതോടെ ബി.ജെ.പി അപ്രസക്തമായി. മറ്റെല്ലാ നടപടികളും മാറ്റിവെച്ച് ശബരിമല വിഷയം പരിഗണിക്കണമെന്ന യു.ഡി.എഫിന്‍റെ ആവശ്യം അംഗീകരിക്കാൻ സ്പീക്കറും സർക്കാരും തയ്യാറായില്ല. പ്രതിപക്ഷത്തിന്‍റെ ആവശ്യം നിരസിച്ചതോടെ രണ്ട് ദിവസങ്ങളിലും വിശ്വാസികൾക്കൊപ്പം ഉറച്ച് നിന്ന് പേരാടാൻ യു.ഡി.എഫ് തീരുമാനിച്ചു. ആചാരം പാലിച്ച് ഭക്തർക്ക് ശബരിമലയിൽ എത്തി ദർശനം നടത്തണമെന്നും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് തുടങ്ങിയ പ്രക്ഷോഭം സഭാ സതംഭനത്തിലേക്ക് നീങ്ങിയതോടെ സമരത്തിന്റെ രൂപം മാറ്റാൻ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.

ദേശീയ നേതൃത്വത്തിന്‍റെ അന്ത്യശാസനത്തെ തുടർന്ന് സുരേന്ദ്രന് വേണ്ടിയുള്ള നിരാഹാരസമരം

ശബരിമല പ്രശ്‌നത്തിൽ ഇപ്പോൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചിട്ടുള്ള നിരാഹാരസമരം ദേശീയ നേതൃത്വത്തിന്‍റെ അന്ത്യശാസനത്തെ തുടർന്നാണെന്ന് പാർട്ടി കേന്ദ്രങ്ങളിൽ നിന്നു തന്നെ സൂചനകൾ ലഭിച്ചു കഴിഞ്ഞു. നിലവിൽ നിരോധനാജ്ഞ ഒഴികെ മറ്റെല്ലാ നിയന്ത്രണങ്ങളും നീക്കാനുള്ള കോടതി ഇടപെടൽ ഉണ്ടായതോടെ ബി.ജെ.പി ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾക്ക് പ്രസക്തിയില്ലാതായി. ശബരിമലയിൽ തുടർസമരത്തിന് നേതൃത്വം നൽകാനിരുന്ന മുരളീധരപക്ഷത്തെ പ്രമുഖ നേതാവായ കെ.സുരേന്ദ്രൻ അറസ്റ്റിലായിട്ടും ബി.ജെ.പി സംസ്ഥാന നേതൃതവം കാര്യമായ ഇടപെടൽ നടത്തിയില്ല. സുരേന്ദ്രനോടും വി.മുരളീധരനോടും കടുത്ത എതിർപ്പുള്ള ആർ.എസ്.എസും വിഷയത്തിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ല. കൃഷ്ണദാസ് പക്ഷവും മൗനം പാലിച്ചു. പേരിന് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ എം.ടി രമേശ് പത്രസമ്മേളനം നടത്തിയതൊഴിച്ചാൽ സുരേന്ദ്രന് വേണ്ടി പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്തില്ല. ഇതോടെ മുരളീധരപക്ഷം കേന്ദ്രനേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യമാണ് പരാതിയിൽ ഉന്നയിച്ചത്. ഈ നീക്കം മറികടക്കാൻ കൃഷ്ണദാസ് പക്ഷത്തിന്റെ അനുഗ്രഹത്തോടെയാണ് ഇപ്പോൾ ബി.ജെ.പി നിരാഹാര സമരത്തിന് ഇറങ്ങിയിട്ടുള്ളത്. നിരാഹാരസമരത്തിന്‍റെ ചുമതല കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ എം.ടി രമേശിനെ ഏൽപ്പിച്ചതോടെ ഗ്രൂപ്പ് തീരുമാനം പൂർണ്ണമായി നടപ്പിലാവുകയായിരുന്നു. ഇനി ഇക്കാര്യത്തിൽ ഗ്രൂപ്പ് വഴക്ക് പുറത്തെടുത്താൻ സംസ്ഥാന നേതൃത്വത്തെ തള്ളുമെന്ന് ബി.ജെ.പി ദേശീയ നേതൃതവം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയനേട്ടമായി പി.സി ജോർജ്ജ്, പാർട്ടിക്കുള്ളിൽ മുറുമുറുപ്പ്

ശബരിമല സമരം രാഷ്ട്രീയമായി മുതലെടുക്കാൻ ഇറങ്ങിത്തിരിച്ച ബി.ജെ.പിക്ക് പി.സി ജോർജ്ജിന്റെ രാഷ്ട്രീയ ചങ്ങാത്തം ലഭിച്ചതാണ് ആകെ വിഷയത്തിലുള്ള രാഷ്ട്രീയനേട്ടം. പി.സി ജോർജ്ജും ഒ. രാജഗോപാലും സഭയിൽ ഒന്നിച്ചു നിന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രണ്ട് ദിവസമായി പി.സി ജോർജ്ജും രാജഗോപാലും സഭയിൽ സക്രിയമായ ഇടപെടലോ പ്രതിഷേധമോ നടത്തിയിട്ടില്ല. പി.സി ജോർജ്ജുമായുള്ള കൂട്ടുകെട്ട് ആർ.എസ്.എസിനും ബി.ജെ.പിയിലെ മറ്റ് ഗ്രൂപ്പുകൾക്കും രസിച്ചിട്ടില്ല. ഇതിലുള്ള എതിർപ്പ് നേരിട്ടും സന്ദേശങ്ങൾ മുഖേനയും പാർട്ടി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ സംസ്ഥാനത്ത് നിന്നുള്ള നേതാക്കൾ അറിയിച്ചിട്ടുണ്ട്. ജോർജ്ജുമായുള്ള ബന്ധം ബി.ജെ.പിക്ക് ബാധ്യതയാവുമെന്നും അത് വേണ്ടിയിരുന്നില്ലെന്നുമാണ് കോട്ടയം ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാക്കൾ തന്നെ അടക്കം പറയുന്നത്. ഗ്രൂപ്പു വഴക്കുകൾക്കിടെ പി.സി ജോർജ്ജ് വിഷയം കൂടി എത്തുന്നതോടെ സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയം കൂടുതൽ കലുഷിതമാവും.