തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. അതേസമയം സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സൂര്യാഘാതത്തിനും, സൂര്യതപത്തിനും സാധ്യതയുള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ സമയത്ത് പുറത്തിറങ്ങാതിരിക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഈ ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുകയാണ്. അതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്നും കേരളത്തില്‍ മുന്നറിയിപ്പുണ്ട്.