കനത്ത മഴയിൽ മുംബൈ വീണ്ടും വെള്ളത്തിനടിയിലായി. റെയിൽ-റോഡ്-വ്യോമ ഗതാഗതങ്ങൾ താറുമാറായി. വരുന്ന 24 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടവേളകളിൽ ശക്തമായി പെയ്യുന്ന മഴയും വെളളപ്പൊക്കവും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും തുടരുന്ന മഴ ജനജീവിതം ദുസഹമാക്കി. വരുന്ന 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം താറുമാറായി.
മുംബൈ-ഗോവ ദേശീയ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലും വെള്ളം കയറി. ഇവിടെയും ഗതാഗതം താറുമാറായിട്ടുണ്ട്. വ്യോമ ഗതാഗതത്തേയും മഴ കാര്യമായി ബാധിച്ചു. 17 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. പല വിമാനങ്ങളും 30 മിനിറ്റിലധികം വൈകിയാണ് സർവീസ് നടത്തിയത്. പ്ലാറ്റ് ഫോമുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല ട്രെയിനുകളും റദ്ദാക്കി. പലതും വഴി തിരിച്ചുവിട്ടു.
ഇടവേളകളിൽ ശക്തമായി പെയ്യുന്ന മഴയും വെളളപ്പൊക്കവും മുംബൈയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മുബൈക്ക് പുറമെ ഹിമാചൽ പ്രദേശിലും ഒഡീഷയിലും ശക്തമായ മഴയാണ് പെയ്യുന്നത്.