കൊച്ചി : ഡോളർ കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പേര് പറയാതിരിക്കാൻ സ്വപ്നാ സുരേഷിനെ വനിതാ പോലീസ് ഓഫീസർ സമ്മർദ്ദം ചെലുത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഇഡിയുടെ കസ്റ്റഡിയിൽ നൽകിയ ഘട്ടത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുതിർന്ന വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയാണ് മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും പേരുകൾ ഒരുകാരണവശാലും ഇഡിയോട് പറയരുതെന്ന് നിർദേശിച്ചതെന്നാണ് റിപ്പേർട്ടിൽ പറയുന്നത്.
യുഎഇ കോൺസുലേറ്റിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെയും, അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും പേരുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു പറയാതിരുന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ ചിലർ സഹായിക്കുമെന്ന് പ്രതി സ്വപ്നാ സുരേഷിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തെറ്റിദ്ധരിപ്പിച്ചതായാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. 2020 ഡിസംബർ 16 ന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോൾ സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണിത്. അട്ടക്കുളങ്ങര ജയിലിൽനിന്നു ശേഖരിച്ച വിവരങ്ങളും സ്വപ്ന ഇഡിക്ക് നൽകിയ മൊഴികളുടെ പകർപ്പും സഹിതമാണു റിപ്പോർട്ട്. കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി പ്രേരിപ്പിച്ചതായുള്ള ആരോപണത്തിൽ കഴമ്പുണ്ടോയെന്ന് കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദേശം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അവർ വിവരങ്ങൾ ശേഖരിച്ചത്.
താൻ പറയുന്നത് പോലെ പ്രവർത്തിച്ചാൽ അധികം വൈകാതെ ജയിൽ മോചിതയാകാൻ സഹായിക്കാമെന്നും അതിനു കഴിവുള്ളവർ പുറത്തുണ്ടെന്നും ഉദ്യോഗസ്ഥ ഉറപ്പുനൽകി. തുടർച്ചയായ ദിവസങ്ങളിൽ അവർ സുരക്ഷാ ഡ്യൂട്ടി ചെയ്തതായും ചിലരുടെ പ്രത്യേക നിർദേശപ്രകാരമാണ് എത്തിയതെന്ന് പറഞ്ഞതായും സ്വപ്ന കേന്ദ്ര ഏജൻസിക്ക് മൊഴി നൽകിയിട്ടുണ്ട്. വനിതാ പോലീസ് ഓഫീസർ രണ്ടാം ദിവസം ഡ്യൂട്ടിക്കു വന്നപ്പോൾ ഒരു ഫോണുമായാണു വന്നത്. പുറത്തുള്ള ചിലരുമായി സംസാരിച്ചതായും പറഞ്ഞുതരുന്ന പോലെ അവരോടു പറയണമെന്നും സ്പെഷൽ ബ്രാഞ്ചിന് ഇക്കാര്യം എന്നിൽ നിന്നു നേരിട്ടു കേൾക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞു. അതിനുശേഷം ഫോൺ തനിക്ക് കൈമാറി. വനിതാ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞതു പോലെ താൻ ഫോണിൽ പറഞ്ഞതായും സ്വപ്ന മൊഴി നൽകി. ഇങ്ങനെ സംസാരിച്ചത് ആരോടാണെന്നോ സംഭാഷണം റെക്കോർഡ് ചെയ്യുന്ന കാര്യമോ അറിഞ്ഞില്ലെന്നും മൊഴിയിൽ പറയുന്നു. ശബ്ദരേഖാകേസ് അന്വേഷിക്കാൻ വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോടും പിന്നീട് മജിസ്ട്രേട്ടിനോടും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ കേന്ദ്ര ഏജൻസി റിപ്പോർട്ട് ഏറെ പ്രസക്തമായി മാറുകയാണ്. ക്രൈംബ്രാഞ്ച് നടപടിയെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയ ഇ.ഡിക്ക് ഈ റിപ്പോർട്ട് പിടിവള്ളിയായി മാറുമെന്നുറപ്പാണ്.