പ്രധാനമന്ത്രിയെയും സർക്കാറിനെയും വിമർശിക്കുന്ന സ്ഥാപനങ്ങൾക്കു ശ്രേഷ്ഠ പദവി നൽകുന്നതിനെതിരെ ഐ.ബി

Jaihind Webdesk
Tuesday, January 29, 2019

The-Print-Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാറിനെയും വിമർശിക്കുന്ന സ്ഥാപനങ്ങൾക്കു ശ്രേഷ്ഠ പദവി നൽകുന്നതിനെതിരെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. അശോക, കെആർഇഎ, അസിം പ്രേംജി, ഒ.പി. ജിൻഡാൽ, ജാമിയ ഹംദാർദ് എന്നീ സർവകലാശാലകളെക്കുറിച്ചുള്ള ഐബി റിപ്പോർട്ട് മാനവ വിഭവശേഷി വകുപ്പു മന്ത്രാലയത്തിനു കൈമാറി. കഴിഞ്ഞ മാസം ഇതു സംബന്ധിച്ച കത്ത് കൈമാറിയതായി ദി പ്രിൻറ് റിപ്പോർട്ട് ചെയ്യുന്നു.

അശോക സർവകലാശാലയുടെ വൈസ് ചാൻസലർ പ്രതാപ് ഭാനു മേത്ത, ബോർഡ് ട്രസ്റ്റിയായ ആശിഷ് ധവാൻ എന്നിവർ സർക്കാർ വിരുദ്ധ പ്രവർത്തനം നടത്തുന്നതായി റിപ്പോർട്ടിൽ ആരോപിക്കുന്നു. ധവാൻ ഫണ്ട് ചെയ്യുന്ന ഓൺലൈൻ മാധ്യമമായ ദി വയർ സർക്കാർ വിരുദ്ധ പ്രചാരണ മാർഗമായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ധവാൻറെ പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് ദി വയറിനു സാമ്പത്തിക സഹായം നൽകിയത്. സ്വകാര്യ ഇക്വിറ്റി സംരംഭകനായ ധവാൻ ഇൻഡിപെൻഡൻറ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷൻ ബോർഡ് അംഗമാണ്. സ്വതന്ത്ര പത്രപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനമാണ് ഈ കൂട്ടായ്മ നടത്തുന്നത്. ദി പ്രിൻറ് എന്ന ഓൺലൈൻ മാധ്യമത്തിനും ധവാൻറെ സ്ഥാപനം സാന്പത്തിക സഹായം നൽകിയെന്നു റിപ്പോർട്ടിൽ പറയുന്നു.

ദി വയറിനു ഫണ്ട് നൽകുന്നതിൻറെ പേരിലാണ് അസിം പ്രേംജി സർവകലാശാല വൈസ് ചാൻസലറും വിപ്രോയുടെ ചെയർമാനുമായ അസിം പ്രേംജിയുടെ പേര് റിപ്പോർട്ടിൽ ഉൾപ്പെട്ടത്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്‌ക്കെതിരായ റിപ്പോർട്ട് ഉൾപ്പെടെ പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമമാണ് ദി വയർ. ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ കെആർഇഎ സർവകലാശാലയിൽ മോദി വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി പറയുന്ന റിപ്പോർട്ടിൽ, സർവകലാശാലയിലെ ഗവേണിംഗ് കൗൺസിൽ അംഗമായ അനു അഗയുടെ പേരും ഉൾപ്പെട്ടു.

മുകേഷ് അംബാനിയുടെ റിലയൻസ് ഫൗണ്ടേഷൻറെ കീഴിലുള്ള ഇതുവരെ തുടങ്ങാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ശ്രേഷ്ഠ പദവി നൽകിയത് വിവാദം സൃഷ്ടിച്ചിരുന്നു.