ഡിസ്ചാർജിലെ കാലതാമസം ; ക്യാഷ്‌ലെസ് ചികിത്സയില്‍ ഒരു മണിക്കൂറിനകം ഇൻഷുറൻസ് കമ്പനികൾ തീരുമാനം അറിയിക്കണം

Jaihind Webdesk
Friday, April 30, 2021

കൊവിഡ് ചികിത്സയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിൽ ഒരുകാരണവശാലും കാലതാമസമുണ്ടാകരുതെന്ന ഡൽഹി ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന്  ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ ഇടപെടൽ. അപേക്ഷ ലഭിച്ച് ഒരുമണിക്കൂറിനകം ക്യാഷ്‌ലെസ് ചികിത്സ സംബന്ധിച്ച് തീരുമാനമറിയിക്കണമെന്ന് ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നല്‍കി.

കിടത്തി ചികിത്സയിലുളളവരുടെ അന്തിമ ബില്ല് സ്വീകരിച്ച് ഒരുമണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്റർ കമ്പനികള്‍ക്ക് നിർദേശം നല്‍കി. പോളിസി ഉടമകൾക്ക് വ്യവസ്ഥ പ്രകാരം കൊവിഡുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഉള്ള കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കണമെന്നും ആശുപത്രികളോട് നേരത്തെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി (ഐആർഡിഎഐ) ആവശ്യപ്പെട്ടിരുന്നു.

ക്യാഷ്‌ലെസ് ചികിത്സയുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതുവരെ ഡിസ്ചാർജ് നീട്ടിക്കൊണ്ടുപോകരുതെന്നും ഡിസ്ചാർജ് നടപടിക്രമങ്ങൾ വേഗത്തിൽ തീർപ്പാക്കി ബെഡ്ഡുകൾ ലഭ്യമാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐആർഡിഎഐ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിർദേശം നല്‍കിയത്.