കോടതിയിൽ നിന്ന് ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യർ, അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചർ: മെമ്മറി കാർഡ് അട്ടിമറിയിൽ പ്രതികരണവുമായി അതിജീവിത

 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന പ്രതികരണവുമായി അതിജീവിത. കോടതിയിൽ പോലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കോടതിയിൽനിന്ന് ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരാണ്. തനിക്ക് മുറിവേറ്റപ്പോള്‍ അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരാണ്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചെന്നു കരുതുന്നില്ല. നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും അതിജീവിത ‘അൺഫെയർ ആന്‍റ് ഷോക്കിംഗ്’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദേശ പ്രകാരം ലഭിക്കുകയുണ്ടായി. സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് തനിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണെന്നും അതിജീവിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘‘ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്. എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ നീതി ലഭിക്കുന്നതുവരെ ഞാൻ പോരാട്ടം തുടരും. ഓരോ ഇന്ത്യൻ പൗരന്‍റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്‍റെ യാത്ര തുടരുക തന്നെ ചെയ്യും.’’– അതിജീവിത കുറിപ്പില്‍ വ്യക്തമാക്കി.

Comments (0)
Add Comment